കോട്ടയം: ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ച് വിനോദം കണ്ടെത്തുന്ന കാര്യം ഹോസ്റ്റൽ അധികൃതരും അധ്യാപകരും അറിഞ്ഞത് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞപ്പോൾ. മെൻസ് ഹോസ്റ്റലിലെ രണ്ട്, 13 നമ്പർ മുറികളിൽ നടന്നത് മനസാക്ഷി മരവിക്കുന്ന ക്രൂരകൃത്യങ്ങൾ.
വിദ്യാർഥികളെ വിവസ്ത്രനാക്കി കൈയുംകാലും കട്ടിലിൽ കെട്ടിയിട്ടു. ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കഴുത്തുമുതൽ കാൽപാദംവരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്തി. കുത്തിയ സ്ഥലങ്ങളിൽനിന്ന് രക്തം പൊടിഞ്ഞപ്പോൾ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോൾ വായിലേക്കും ലോഷൻ ഒഴിച്ചു. ഈ ക്രൂരപീഡനം മറ്റൊരു വിദ്യാർഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ഒന്നാംവർഷ ജിഎൻഎം വിദ്യാർഥികൾ അനുഭവിച്ച ക്രൂരപീഡനങ്ങളിൽ ചിലതാണിത്. ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവിങ് റേസർ ഉപയോഗിച്ച് വടിച്ചു. ഈ പീഡനത്തിനിടെ, ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന വീഡിയോ പ്രതികളായ വിദ്യാർഥികളുടെ മൊബൈൽ ഫോണിൽനിന്ന് പോലീസ് കണ്ടെത്തി.
പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർഥികൾ മദ്യപിച്ചു. മൊബൈലിൽ ചിത്രീകരിച്ച ഈ രംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്ക് മുമ്പ് പീഡനം തുടങ്ങുന്നത്. രാത്രി 11 മണിയോടെ ജൂനിയർ വിദ്യാർഥികളെ പ്രതികളുടെ മുറിയിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ മുറിയിൽ ഉച്ചത്തിൽ പാട്ടും വയ്ക്കും. പാട്ടിനൊപ്പം വിദ്യാർഥികളെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഭീഷണി സന്ദേശം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചെന്ന് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്
കൂടാതെ എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികൾ 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് മദ്യപാനത്തിനായി നൽകണമായിരുന്നു. പണമയച്ചതിന്റെ ഗൂഗിൾ പേ തെളിവുകൾ പോലീസ് ശേഖരിച്ചു. പുറത്തുപോയി സാധനങ്ങൾ വാങ്ങണമെങ്കിൽ സീനിയർ വിദ്യാർഥികളുടെ അനുമതി വാങ്ങണമായിരുന്നു. ഇവർ പറയുന്ന സമയത്ത് പറയുന്ന കടകളിൽനിന്ന് മാത്രമേ വാങ്ങാവുള്ളൂ. നിർദേശങ്ങൾ ലംഘിച്ചാലും മർദ്ദിക്കും.
പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാൾ കെജിഎസ്എൻഎയുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്. കഴിഞ്ഞ തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദ്ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടിൽ അറിയിച്ചതും പരാതിയിലേക്കെത്തിയതും.
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലുമ്പോൾ ഹൗസ് കീപ്പറുടെ മുറിക്ക് തൊട്ടടുത്തുള്ള രണ്ട്, 13 നമ്പർ മുറികളിലാണ് മാസങ്ങളായി മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ റാഗിങ് നടന്നത്. ഹോസ്റ്റലിലുള്ളവർ ഉറങ്ങിയതിനുശേഷമാണ് പീഡനം തുടങ്ങുക. 24 മണിക്കൂറും ജോലിയിലുള്ള ജീവനക്കാരനാണിത്. എന്നാൽ ആറ് വിദ്യാർഥികൾ മാസങ്ങളായി റാഗിങ്ങിനിരയായ വിവരം ജീവനക്കാരൻ അറിഞ്ഞില്ല. അസമയത്ത് ഭക്ഷണവും വെള്ളവും മറ്റും ഒന്നാംവർഷ വിദ്യാർഥികൾ എടുത്തുകൊണ്ട് മറ്റു മുറികളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്നുമാണ് ഇയാൾ പറഞ്ഞത്.
എല്ലാ ആഴ്ചയിലും 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് നൽകണമെന്നായിരുന്നു ഭീഷണി. എന്നാൽ സാമ്പത്തിക ശേഷി കുറഞ്ഞ ചുറ്റുപാടുകളിൽനിന്നെത്തിയിരുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് ഇത് താങ്ങാവുന്നതിനപ്പുറമായിരുന്നു. പീഡനം സഹിക്കുന്നതിന് പുറമേ പണം നഷ്ടപ്പെടുന്ന അവസ്ഥ വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി. തിങ്കളാഴ്ച രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാഞ്ഞതിനെ തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളുടെ മാതാപിതാക്കളിലൊരാൾ വിളിച്ച് പരാതി പറഞ്ഞതോടെയാണ് ഒന്നാംനിലയിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികളും സ്ഥിരം താമസിക്കുന്ന അധ്യാപകർപോലും തൊട്ടടുത്ത മുറിയിൽ നടന്ന കൊടിയ പീഡനങ്ങൾ അറിഞ്ഞത്.
സംഭവം പുറത്തായതിന്റെ പിന്നാലെ അഞ്ച് സീനിയർ വിദ്യാർഥികളേയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്‌തു. ഇവരെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലിനി ജോസഫ് പറഞ്ഞു. റാഗിങ് നടന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്ന്, നിയമപരമായ എല്ലാ തുടർനടപടികളും സ്വീകരിച്ചെന്നും അവർ പറഞ്ഞു.
ഇരയായ കുട്ടിയുടെ രക്ഷാകർത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്പോഴാണ് റാഗിങ് വിവരം കോളേജിൽ അറിഞ്ഞത്. ക്ലാസ് ടീച്ചർ, പ്രിൻസിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാർഥിയെയും സഹവിദ്യാർഥികളെയും വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പിടിഎ യോഗവും ചേർന്നു.
വിദ്യാർഥികൾ പീഡനവിവരങ്ങൾ എഴുതിത്തന്നതിനെത്തുടർന്ന് പരാതി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കും എസ്പി ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.
അറസ്റ്റിലായ അഞ്ച് സീനിയർ വിദ്യാർഥികളെയും റിമാൻഡ് ചെയ്തു. മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത് (20) മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.