തിരുവനന്തപുരം: ‘‘വളർത്ത്… ഇനിയും വളർത്ത്, കുറേ പട്ടികളെ കൂടി വളർത്ത്… ഇവിടെ വേസ്റ്റ് ഇടരുത്, ഇടരുതെന്ന് എല്ലാവരോടും കാലുപിടിച്ചപോലെ ഞാൻ പറഞ്ഞു, ഒരു മനുഷ്യൻ പോലും കേട്ടില്ല. അവിടെ കിടന്ന വേസ്റ്റ് തിന്നാൻ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുപറിക്കുവാ. അപ്പോഴേ എടുത്തോണ്ടു ഓടി ഞാൻ… എനിക്കിനി അവളെ ഒന്നു കാണാൻ പോലുമില്ല…’’ – ഉള്ളുലയ്ക്കുന്നതാണു ഈ അമ്മയുടെ വാക്കുകൾ, കേട്ടു നിൽക്കുന്ന ആരുടെയും കണ്ണ് നനയിക്കും…
തെരുവുനായ കടിച്ചതിനു മൂന്നു തവണ പ്രതിരോധ വാക്സീൻ എടുത്തിട്ടും അവസാന ഡോസ് എഴുക്കുന്നതിനു പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസുകാരി നിയാ ഫൈസലിന്റെ മാതാവ് ഹബീറയാണ് മകളുടെ മരണവാർത്ത അറിഞ്ഞ് നെഞ്ചുപൊട്ടി ഓരോ കാര്യങ്ങളും ഓർത്തെടുത്ത് പറഞ്ഞത്. തന്റെ വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഹബീറ പറഞ്ഞു.
വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല. തിരുവനന്തപുരം എസ്എടി ആശുപത്രിക്കു മുന്നിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് നിയയുടെ മരണം.
ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
അതേസമയം നിയയുടെ മൃതദേഹം വീട്ടിലെത്തിച്ചില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടി പേവിഷബാധയേറ്റു മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ മാതാവ് ഹബീറയ്ക്ക് ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്. ആലഞ്ചേരി മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നിയയുടെ കബറടക്കം നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുകുട്ടികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.