തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ ഗ്രീൻ സിഗ്നൽ. മുൻപ് അൻവർ തൃണമൂലിലായതിനാൽ കോൺഗ്രസിനൊപ്പം ചേർക്കുമോയെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ടിരുന്നെങ്കിലും കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തടസമില്ലെന്നാണ് ഹൈക്കമാൻ്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.
അതേസമയം ബംഗാളിൽ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. ഇതിനായി കോൺഗ്രസ് ഹൈക്കമാന്റ് എടുത്തിരിക്കുന്ന നിലപാട് പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് മുന്നണി പ്രവേശനം വേഗത്തിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ഏപ്രിൽ 24ന് കോൺഗ്രസ് നേതാക്കൾ പിവി അൻവറുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാകും ചർച്ച. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചർച്ചയിൽ മുന്നണി പ്രവേശനത്തിലെ നിർണായക തീരുമാനം ഉണ്ടാകും.
അതേസമയം, നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ വന്നേക്കുമെന്നാണ് സൂചന. നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള യുവ നേതാവായതും, ചെറുപ്പക്കാരനായതും ഷബീറിന് അനുകൂല ഘടകങ്ങളാണ്. വിഎസ് ജോയ് ആണ് യുഡിഎഫ് സ്ഥാനാർഥി എങ്കിൽ ഷബീറിനെ എൽഡിഎഫ് ഉറപ്പായും മത്സരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.