ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുതിൻ തന്റെ പിന്തുണ അറിയിച്ചത്. കൂടാതെ പഹൽഗാമിൽ 26 പേർ വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
‘റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. നിരപരാധികളുടെ ജീവഹാനിയിൽ അദ്ദേഹം അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സിലൂടെ വ്യക്തമാക്കി.
മാത്രമല്ല വിക്ടറിഡേയുടെ 80-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് പുടിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് പാക് പ്രതിരോധ മന്ത്രി പ്രതിസന്ധി പരിഹരിക്കാൻ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്.