ബെംഗളൂരു: കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലിവ് ഇന്‍ പാർട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.
ബെംഗളൂരിലെ ഗോവിന്ദപുര സ്റ്റേഷനിലെ എസ്ഐ ആയിരുന്നു സാവിത്രി. മുഹമ്മദ് യൂനുസ് എന്ന പ്രതിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. യൂനുസ് തന്നെയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലോകയുക്തയെ അറിയിച്ചത്. പിന്നീട് ഇയാൾ ഉദ്യോഗസ്ഥയ്ക്ക് പണം കൈമാറുന്ന സമയത്ത് തന്നെ ലോകയുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.
യൂനുസ് ഒരു യുവതിയുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാവാം എന്ന തീരുമാനവും എടുത്തിരുന്നു. എന്നാല്‍ യൂനുസിന് മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഇത് ലിവ് ഇന്‍ പാർട്നര്‍ അറിയുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നീട് യൂനുസ് രണ്ടു തവണ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യുവതി യൂനുസിനെതിരെ പൊലീസില്‍ പരാതി നല്‍കി.
ഈ കേസിലാണ് സാവിത്രി എന്ന ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്. പ്രതിക്കെതിരെ ആവശ്യത്തിന് തെളിവുകളില്ലെന്ന റിപ്പോര്‍ട്ട് കൊടുക്കുക്കാം എന്ന് പറഞ്ഞാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 1.25 ലക്ഷം രൂപയാണ് ഈ റിപ്പോര്‍ട്ട് കൊടുക്കാന്‍ സാവിത്രി ഭായ് ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയാല്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാം എന്ന് സാവിത്രി യൂനുസിനോട് പറയുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. നിലവില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.