ന്യൂയോർക്ക്: റഷ്യയുടെ എയർക്രാഫ്റ്റുകൾ തങ്ങളുടെ വ്യോമപരിധി ലംഘിച്ചാൽ യാതൊരു ചർച്ചകൾക്കുപോലും നിൽക്കാതെ വെടിവെച്ചുവീഴ്ത്തുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ. മുന്നറിയിപ്പ് റഷ്യയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ആഴ്ചകളിൽ തുടരെത്തുടരെ വ്യോമപരിധി ലംഘനങ്ങളുണ്ടായെന്ന നാറ്റോ രാജ്യങ്ങളുടെ ആരോപണത്തിനിടെ.
ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തിലായിരുന്നു റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി പോളണ്ട് എത്തിയത്. കരുതിക്കൂട്ടിയോ അബദ്ധത്തിലോ അനുമതിയില്ലാതെ ഇനിയൊരു മിസൈലോ എയർക്രാഫ്‌റ്റോ ഞങ്ങളുടെ വ്യോമപരിധിക്കുള്ളിൽ പ്രവേശിക്കുകയും അത് വെടിവെച്ച് തകർക്കപ്പെട്ട് നാറ്റോയുടെ ഭൂപ്രദേശത്ത് പതിക്കുകയും ചെയ്താൽ, അതേക്കുറിച്ച് പരാതി പറയാൻ ദയവായി ഇങ്ങോട്ട് വരരുതെന്ന് പോളണ്ടിന്റെ വിദേശകാര്യമന്ത്രി റാഡോസ്ലോ സികോർസ്‌കി പറഞ്ഞു.
മുൻപ് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കും സമാനമായ അഭിപ്രായം മാധ്യമപ്രവർത്തകരോട് പങ്കുവെച്ചിരുന്നു. ‘ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞങ്ങളുടെ അതിർത്തി ലംഘിക്കുകയും പോളണ്ടിനു മീതേ പറക്കുകയും ചെയ്യുന്ന വസ്തുക്കളെ ചർച്ചകൾക്ക് നിൽക്കാതെ വെടിവെച്ചിടാനുള്ള തീരുമാനം ഞങ്ങൾ കൈക്കൊള്ളും’.
അതേസമയം റഷ്യയുടെ മൂന്ന് മിഗ് 31 വിമാനങ്ങൾ തങ്ങളുടെ വ്യോമപരിധി ലംഘിച്ചതായി എസ്‌റ്റോണിയ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. തുരത്തുന്നതിന് മുൻപ് 12 മിനിറ്റോളമായിരുന്നു ഇവ എസ്‌റ്റോണിയയുടെ വ്യോമപരിധിയിൽ തുടർന്നത്. ഈ മാസം ആദ്യം റഷ്യയുടെ ഇരുപത് ഡ്രോണുകൾ പോളണ്ടിന്റെ വ്യോമപരിധിയിൽ പ്രവേശിക്കുകയും നാറ്റോ ഇവ വെടിവെച്ചിടുകയും ചെയ്തിരുന്നു. റൊമാനിയയുടെ വ്യോമപരിധിയിലും റഷ്യൻ ഡ്രോൺ പ്രവേശിച്ച സംഭവമുണ്ടായിരുന്നു. എസ്‌റ്റോണിയയുടെ അഭ്യർഥന പ്രകാരം വിളിച്ചുചേർത്ത യുഎൻ യോഗത്തിൽ, റഷ്യൻ ജെറ്റുകളുടെ റഡാർ രേഖകളും ചിത്രങ്ങളും കാണിച്ചു. യുദ്ധ സജ്ജമായി, മിസൈലുകളും വഹിച്ചായിരുന്നു റഷ്യൻ വിമാനങ്ങൾ എത്തിയതെന്ന് എസ്‌റ്റോണിയയുടെ വിദേശകാര്യമന്ത്രി മാർഗസ് സഹ്ക്‌ന പറഞ്ഞു.
ഇതിനിടെ ഡെന്മാർക്കിന്റെ വിദേശകാര്യമന്ത്രിയും റഷ്യക്കെതിരേ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിൽ യുക്രൈനിലും ബാൾട്ടിക് കടലിലും കരിങ്കടലിലും കിഴക്കൻ യൂറോപ്പിലാകെയും പ്രവർത്തിക്കാമെന്നാണ് റഷ്യ കരുതുന്നതെന്നും തങ്ങളാകാം അടുത്ത ലക്ഷ്യമെന്ന ഭയത്തിലാണ് മോസ്‌കോയുടെ അയൽരാജ്യങ്ങളെന്നും ഡെന്മാർക്ക് വിമർശിച്ചു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം റഷ്യ നിരാകരിച്ചു. തെളിവുകൾ ഹാജരാക്കുന്നതിൽ എസ്റ്റോണിയ പരാജയപ്പെട്ടെന്നും നാറ്റോ അംഗങ്ങൾ സംഘർഷം സൃഷ്ടിക്കുകയാണെന്നും റഷ്യ മറുപടി പറഞ്ഞു.