കൊച്ചി: അണ്ടർ- 19 കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ പ്ലസ് ടു വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശി മാനവ് (17) ആണ് മരിച്ചത്. അണ്ടർ – 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു (ബയോളജി) വിദ്യാർഥിയാണ്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ മാനവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
പുത്തൻവേലിക്കരയിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം. വൈകിട്ടു 4 മണിയോടെ 7 സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ 2 പേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്ത് മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാൽ, മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർ ഫോഴ്‌സിൻ്റെ സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.