തിരുവനന്തപുരം: ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ് രംഗത്ത്. സജി ചെറിയാനെ പോലെ ഇത്രയും വലിയ വർഗീയത ആരും പറഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാർജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോൾ കേരളത്തിൽ.
തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽനിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്. സർക്കാരിൻറെയും ഇടതുപക്ഷത്തിൻറെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മലപ്പുറത്തെ വൈസ് പ്രസിഡൻറ് ആരെന്ന് സജി ചെറിയാൻ നോക്കണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാല് വോട്ടുകൾക്കുവേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നത് മുസ്ലീം ലീഗിന്റെ ലക്ഷ്യമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. അതേസമയം നേരത്തെ സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിൻറെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
















































