തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗത്തിനിടെ ഒരു പ്രതിപക്ഷ എംഎൽഎയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’ എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം- പരിഹസിച്ചു മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. അതെല്ലാം വന്നപ്പോള്‍ തങ്ങളുടെ കൈയില്‍ ഒന്നുംപറയാനില്ല. പിന്നെ ഇങ്ങനെയുള്ള ചില രീതികള്‍ കാണിക്കുക എന്നതാണ്. ഞാന്‍ ഇവിടെ കാണുകയാണല്ലോ. ഇടയ്ക്ക് ഞാന്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത്, ഒരു പ്രതിപക്ഷ മെമ്പര്‍, അദ്ദേഹം അവിടെ നില്‍ക്കുകയാണ്. ഞാന്‍ ആശ്ചര്യപ്പെട്ടു എന്താണ് അദ്ദേഹം അവിടെ നില്‍ക്കുന്നതെന്ന്. അവിടെ നില്‍ക്കുന്നത് അങ്ങോട്ട് കയറാന്‍ പറ്റുന്ന മട്ടിലാണ്. ഞാന്‍ ഇവിടെവന്ന് ഇരുന്നപ്പോള്‍ എംഎല്‍എ അങ്ങോട്ട് ചാടിക്കയറുന്ന നില വന്നു. രണ്ട് മൂന്ന് അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് കണ്ടു. ഞാന്‍ ഇവിടെയിരുന്ന് കാണുകയാണ് എല്ലാം. വാച്ച് ആന്‍ഡ് വാര്‍ഡ് ആണേലും മനുഷ്യരാണല്ലോ. എന്തിനാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ഒരുമ്പെട്ടത്. എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. എന്തിനാണ് അവരെ തള്ളിമാറ്റാന്‍ നോക്കിയത്. സ്ത്രീകളായ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ തള്ളുന്ന കാഴ്ച കണ്ടല്ലോ.
എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപ്പോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ പോയിട്ട് ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ച് കൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം. ഇതെല്ലാം അപമാനകരമല്ലേ. സാധാരണ പാര്‍ലമെന്ററി നടപടിക്രമം അറിയാത്തവരല്ല ഞങ്ങളെല്ലാം. പക്ഷേ, അതൊരു ദൗര്‍ബല്യമായി പ്രതിപക്ഷം കാണുന്നു. ഇത് തീര്‍ത്തും അപലപനീയമാണ്. ഒരുതരത്തിലും അംഗീകരിക്കാനാകില്ല”, മുഖ്യമന്ത്രി പറഞ്ഞു.