കൊച്ചി: ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാർ തൊഴിൽ പീഡനമേറ്റെന്ന ആരോപണത്തിൽ തുടർ പരിശോധനയുമായി തൊഴിൽ വകുപ്പ് മുന്നോട്ട്. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ആരോപണ വിധേയമായ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ പരിശോധന നടത്തിയത്. ട്രെയിനിങ്ങിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സ്ഥാപന ഉടമയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും ഇവിടെ തൊഴിൽ പീഡനം നടന്നിട്ടില്ലെന്നുമാണ് ലേബർ ഓഫിസർ ടി.ജി. വിനോദ് കുമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പെരുമ്പാവൂർ അറയ്ക്കപ്പടിയിലുള്ള കെൽട്രോ എന്ന സ്ഥാപനത്തിൽ നടന്ന സംഭവങ്ങളായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഇതിൽ ഉൾപ്പെട്ട 2 പേരിൽ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട്സമർപ്പിച്ചെങ്കിലും ആരോപണം നേരിടുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുകയാണ് തൊഴിൽ വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ കൊച്ചി നോർത്ത് ജനതാ റോഡിലുള്ള ആസ്ഥാനത്തും തൊഴിൽ വകുപ്പ് ഇന്നലെ പരിശോധന നടത്തി. ഇവിടെ നിന്ന് സാധനങ്ങൾ എടുത്ത് സ്വന്തം നിലയിൽ വിൽക്കുകയാണ് ഓരോ കമ്പനികളും ചെയ്യുന്നതെന്നും പുറത്തുവന്ന വിവാദ ദൃശ്യങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് സ്ഥാപനത്തിന്റെ നിലപാട്.
അതേ സമയം, ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതു സംബന്ധിച്ച് ഇപ്പോഴും പൂർണ വ്യക്തത വന്നിട്ടില്ല. സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി മനാഫ് തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ച കാര്യങ്ങളാണ് ദൃശ്യത്തിലുള്ളതെന്നും തൊഴിൽ പീഡനമല്ലെന്നും വീഡിയോയിൽ ഉള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയവർ സമാന രീതിയിൽ പീഡനത്തിന് വിധേയരായിട്ടുണ്ടെന്നു മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞിരുന്നു. കൂടാതെ യുവാക്കളോട് ചെയ്ത മാതൃകയിൽ മനാഫ് തന്നെക്കൊണ്ടും നായയെ പോലെ മുട്ടുകുത്തി നടക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിച്ചെന്ന് കാട്ടി ഒരു ജീവനക്കാരി നൽകിയ പരാതിയിൽ മനാഫിനെതിരെ പെരുമ്പാവൂർ പോലീസ് കേസ് എടുത്തിട്ടുമുണ്ട്.
ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഏജന്റ് മാത്രമാണ് കെൽട്രോ ഗ്രൂപ്പ് എന്ന് സ്ഥാപന ഉടമസ്ഥൻ ജോയി ജോസഫ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം, തൊഴിൽ സാഹചര്യങ്ങൾ, ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ, സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങളെല്ലാം പരിശോധിച്ചവയിൽ ഉൾപ്പെടും എന്നാണ് അറിയുന്നത്. പെരുമ്പാവൂരിലെ വിവാദമായ സ്ഥാപനത്തിലും പരിശോധന നടത്തിയ ശേഷമാകും വിശദമായ റിപ്പോർട്ട് തൊഴിൽ വകുപ്പിനു കൈമാറുക.