ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചുവടുവയ്പ്. ആയുര്‍വേദ ഉത്പന്നങ്ങളിലൂടെയും വെല്‍നെസ് ഉത്പന്നങ്ങളിലൂടെയും വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള പതഞ്ജലിയുടെ തന്ത്രപ്രധാനമായ നീക്കമായിരിക്കും വളരെ മത്സരാത്മകമായ ഇന്‍ഷുറന്‍സ് വിപണിയിലേക്കുള്ള കടന്നു വരവെന്നാണ് വിലയിരുത്തലുകള്‍.
വിവിധ ബിസിനസ് ഗ്രൂപ്പുകളാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരി വില്‍പ്പനയുടെ ഭാഗമാകുക. ഇതില്‍ പ്രധാനം സെനോട്ടി പ്രോപ്പര്‍ട്ടീസാണ്. പ്രമുഖ ബിസിനസുകാരന്‍ അദാര്‍ പൂനാവാലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗിസിന്റെയും സംയുക്തസംരംഭമാണിത്. ഏറ്റെടുക്കല്‍ കരാറിന് മുന്‍പ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സില്‍ 74.5 ശതമാനം ഓഹരി പങ്കാളിത്തം സെനോട്ടി പ്രോപ്പര്‍ട്ടീസിനാണ്.
ഇതുകൂടാതെ സെലീഷ്യ ഡെവലപ്പേഴ്‌സ്, ജാഗ്വൂര്‍ അഡൈ്വസറി സര്‍വീസസ്, കെകി മിസ്ത്രി, അതുല്‍ ഡി.പി ഫാമിലി ട്രസ്റ്റ്, ഷാഹി സ്റ്റെര്‍ലിംഗ് എക്‌സ്‌പോര്‍ട്‌സ്, ക്യു.ആര്‍.സി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് എന്നിവയും ഓഹരികള്‍ വില്‍ക്കും. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ സംബന്ധിച്ച് പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും ഇടപാടെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ വിപണി സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.