ചെന്നൈ: ബസിൽ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയേയാണ് ചെന്നൈ കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവൻ തൂക്കമുള്ള മാലയാണ് തട്ടിയെടുത്തത്. കാഞ്ചീപുരത്തുനടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം വരലക്ഷ്മി, ബസിൽ തിരികെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രയ്ക്കിടയിൽ വെച്ചാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കോയമ്പേടു പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ഇതിനിടെ വരലക്ഷ്മിയുടെ തൊട്ടടുത്തിരിക്കുന്ന സ്ത്രീ മാല മോഷ്ടിക്കുന്ന ദൃശ്യം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് ഭാരതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണ് ഭാരതിയെന്ന് പോലീസ് പറയുന്നു. തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ, വൃധംപട്ട് തുടങ്ങിയിടങ്ങളിൽ ഇവർക്കെതിരേ നിരവധി കേസുകളുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.