ഭോപ്പാൽ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന വിവാഹത്തിനായി ഒരുങ്ങുന്നു. സ്മൃതി ഉടന്‍തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്ന് കാമുകനും സംഗീത സംവിധായകനുമായ പലാഷ് മുഛല്‍ വ്യക്തമാക്കി. സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പലാഷ്. ‘അവള്‍ ഉടന്‍ തന്നെ ഇന്ദോറിന്റെ മരുമകളാകും… അത്രയേ എനിക്ക് പറയാനുള്ളൂ’ എന്ന് പലാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദോര്‍ സ്വദേശിയാണ് പലാഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇതിന് സ്ഥിരീകരണം വരുന്നത്.
ഇരുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. പലാഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്മൃതി നേരത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചിരുന്നു.
ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയപ്പോള്‍ സ്മൃതിയെ അഭിനന്ദിക്കാന്‍ പലാഷും സ്റ്റേഡിയത്തിലെത്തിയിരുന്നു, സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.