ന്യൂഡൽഹി∙ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയെ തകർക്കാനുമായി മാത്രം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) കീഴിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ‘എസ്1’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂണിറ്റ് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ട്. 1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ പഹൽഗാം ഭീകരാക്രമണത്തിൽ വരെ പങ്കുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിനായാണ് ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നത്. ‘സബ്വേർഷൻ’ എന്നതിന്റെ ചുരുക്കപ്പേരായാണ് എസ് ഉപയോഗിക്കുന്നത്. പാക് സൈന്യത്തിലെ ഒരു കേണലാണ് എസ്1 യൂണിറ്റിന്റെ തലവനാകുക. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫിസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ‘ഗാസി1’, ‘ഗാസി2’ എന്നിങ്ങനെയാണ് ഇവരുടെ കോഡ് നെയിമുകൾ എന്ന് എൻഡിടി റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമാബാദിലാണ് ‘എസ്1’ യൂണിറ്റിന്റെ ആസ്ഥാനം. മയക്കുമരുന്ന് വ്യാപാരത്തിലൂടെയുള്ള പണമാണ് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
അതേപോലെ ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ് ‘എസ്1’ യൂണിറ്റിലെ അംഗങ്ങൾ. വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പ്രാവീണ്യമുള്ളവരാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 25 വർഷമായി ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾക്ക് ഈയടുത്ത് മാത്രമാണ് ‘എസ്1’ യൂണിറ്റിന്റെ എല്ലാവിധ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരം ലഭിക്കുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക മുഖ്യലക്ഷ്യമാക്കിയ സംഘത്തിന് പാക്കിസ്ഥാനിലെ എല്ലാ ഭീകരസംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ട്.
ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ പരിശീലന ക്യാമ്പുകളിൽ ‘എസ്1’ യൂണിറ്റ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരായാണ് ഇവർ പങ്കെടുക്കാറ്. വളരെ രഹസ്യമായുള്ള പ്രവർത്തനങ്ങളായതിനാൽ തങ്ങൾക്കു പരിശീലനം നൽകുന്നത് ഐഎസ്ഐയുടെ കീഴിലുള്ളവരാണെന്ന് തീവ്രവാദ സംഘങ്ങളിലുള്ളവർ പോലും അറിയാറില്ല. രണ്ടു ദശാബ്ദത്തിനിടെ ‘എസ്1’ യൂണിറ്റ് ആയിരക്കണക്കിന് ഭീകരർക്ക് പരിശീലനം നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എൻഡിവിയുടെ റിപ്പോർട്ടിൽ പറയുന്നു.



















































