ഡൽഹി: മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ് ഗാർഗി പറഞ്ഞു. അതേസമയം മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകൾ പറയും മുൻപ് ചിന്തിക്കണമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെയുടെ പ്രതികരണം.
സമാജ് വാദി പാർട്ടി നേതാവ് അബു അസ്മിയുടെ ചോദ്യം പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താൻ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നായിരുന്നു. അതേസമയം എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരിഹാസ ചോദ്യം ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യതാൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വിൽക്കേണ്ടിവരില്ലായിരുന്നുവെന്നായിരുന്നു. ബിജെപി അധികാരത്തിലിരുന്ന 11 വർഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രർക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്‌ലിം യുവാക്കൾക്ക് സൈക്കിൾ പഞ്ചറുകൾ നന്നാക്കി ഉപജീവനമാർഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാൽ വഖഫ് സ്വത്തുക്കളിൽ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങൾ, വിധവകൾ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്വന്തമാക്കാൻ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.