കോഴിക്കോട് :ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പൊലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ സംഭവത്തിനു പിന്നാലെ ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് സംയുക്ത സുരക്ഷാ പദ്ധതി ആരംഭിച്ചത്. ബുധനാഴ്ച സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിൽ ബ്രെത്തലൈസറും ആൽക്കോമീറ്ററും ഉപയോഗിച്ച് മദ്യപരെ പിടികൂടാൻ പൊലീസ് സജീവമായി രംഗത്തെത്തിയിരുന്നു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയിൽവേ ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ വനിത പൊലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി സജീവമാക്കിയത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ്ങിനും സ്ത്രീകൾ കൂടുതലായുള്ള കംപാർട്ട്മെന്റുകളിൽ പരിശോധന പ്രത്യേകിച്ച് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രക്കാരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.
റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമുള്ള പരിശോധനയും കർശനമാക്കി. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന 38 റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് യാത്രചെയ്യുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്‌ഷൻ 145 (എ), കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുക്കുമെന്ന് റെയിൽവേ എസ്പി ഷെഹൻഷാ പറഞ്ഞു.
















































