ചെന്നൈ: അഞ്ചു കൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയായ, വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ പിടിയിലായി. വാഹനപരിശോധനയ്ക്കിടെ തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ നവംബർ രണ്ടിനാണ് വിയ്യൂർ സെൻട്രൽ ജയിൽ കവാടത്തിൽ വെച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്നും തമിഴ്‌നാട് പോലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനായിരുന്നു തമിഴ്‌നാട് പോലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
ഇയാൾ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം മൂന്ന് പോലീസുകാരുടെ സുരക്ഷയിൽ പുറത്തിറങ്ങിയ ബാലമുരുകൻ അവരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. ബാലമുരുകന് വേണ്ടി കേരള പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഡിസംബർ അഞ്ചിന് ഭാര്യയേയും മക്കളേയും കാണാൻ തമിഴ്‌നാട്ടിലെ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നതിനിടെ ബാലമുരുകനെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായിരുന്നില്ല.















































