നോയിഡ: സുഹൃത്തിനോടുള്ള മുൻവൈരാഗ്യത്തിൽ വ്യാജ സന്ദേശമയച്ച ജ്യോതിഷി പിടിയിൽ. ചാവേറുകളും ആർഡിഎക്സും ഉപയോഗിച്ച് മുംബൈ നഗരത്തെ തർക്കുമെന്നു ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അൻപത്തിയൊന്നുകാരനായ അശ്വിനി കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ നോയിഡയിൽ ആണ് ജീവിക്കുന്നത്. ജ്യോത്സ്യനായി ജോലി നോക്കുന്നയാളാണ് അശ്വിനി കുമാറെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണും സിം കാർഡും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്ഐആർ പറയുന്നു. പട്നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്. ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരിൽ മുംബൈ പോലീസിന് വാട്സാപ്പിൽ ഭീഷണി സന്ദേശം അയച്ചത്.
അറസ്റ്റിലായ ഇയാളിൽനിന്ന് പോലീസ് ഏഴു മൊബൈൽ ഫോണുകൾ, മൂന്ന് സിംകാർഡുകൾ, ആറ് മെമ്മറി കാർഡ് ഹോൾഡറുകൾ, ഒരു എക്സ്റ്റേർണൽ സിം സ്ലോട്ട്, രണ്ട് ഡിജിറ്റൽ കാർഡുകൾ, നാലു സിം കാർഡ് ഹോൾഡറുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്‌സാപ് നമ്പറിലേക്കാണ് ഇന്നലെ ഇയാളുടെ ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിൽ പലയിടങ്ങളിലായി 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ പറയുന്നത്. ലഷ്കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്നും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിന് ഉപയോഗിക്കും എന്നും സന്ദേശത്തിൽ പറയുന്നതായി മുംബൈ പോലീസ് പറഞ്ഞിരുന്നു. ഗണേശോത്സവത്തിനു ഒരു ദിവസം മുൻപെത്തിയ ഭീഷണി സന്ദേശത്തിനു പിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു. സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.