ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവില്ലെന്നും ആ കസേരയിൽ താനുണ്ടെന്നു അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാനാണ് കർണാടക മുഖ്യമന്ത്രി ഞാൻ ഇവിടെ ഇരിപ്പുണ്ട്. ഇപ്പോൾ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒഴിവില്ല- അദ്ദേഹം ഡൽഹിയിൽ വെച്ച് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇക്കാര്യം ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അധികാരം വെച്ചുമാറുന്നതിനേയും അദ്ദേഹം പാടെ തള്ളി. ’50-50 ഫോർമുല എന്നൊന്നില്ല. ഹൈക്കമാൻഡ് എന്താണോ തീരുമാനിക്കുന്നത്, അത് തങ്ങൾ അംഗീകരിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിക്കപ്പെട്ടിരുന്നു. നേരത്തെ ഉണ്ടാക്കിയ ധാരണപ്രകാരം ബാക്കിയുള്ള ശേഷിക്കുന്ന രണ്ടരവർഷക്കാലം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ നിലനിൽക്കെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ബുധനാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. ഇതോടെ നേതൃമാറ്റ ചർച്ച സംബന്ധിച്ച ഊഹാപോഹം വീണ്ടും സജീവമായി.
അനുമതി ലഭിച്ചാൽ സിദ്ധരാമയ്യ രാഹുൽ ഗാന്ധിയെ സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ വിവരങ്ങളൊന്നുമില്ലെന്നും പറ്റിയാൽ ഇന്ന് തന്നെ കാണുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.