ചെന്നൈ: ഐപിഎലിൽ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ സ്വന്തം ടീമിലെ താരം ഔട്ടാകാൻ പ്രാർഥനയും വഴിപാടുമായി ചെന്നൈ ആരാധകർ. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യവുമായി ബാറിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ്, ലക്ഷ്യത്തോട് അടുക്കുന്നു. വിജയത്തിലേക്ക് ഒൻപതു പന്തിൽ നാല് റൺസ് എന്ന നിലയിൽക്കെ, രചിൻ രവീന്ദ്രയുമായുള്ള ധാരണപ്പിശകിൽ രവീന്ദ്ര ജഡേജ റണ്ണൗട്ടാകുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ ഉയർന്നത് കാതടപ്പിക്കുന്ന കരഘോഷവും കയ്യടിയും.
സ്വന്തം ചെന്നൈ താരത്തിന്റെ വിക്കറ്റ് വീണപ്പോൾ ചെന്നൈ ആരാധകർ ഉച്ചത്തിൽ ആരവം മുഴക്കിയതിനു പിന്നിൽ ഒറ്റക്കാരണം മാത്രം – ആരാധകരുടെ പ്രിയപ്പെട്ട ‘തല’! ജഡേജ പുറത്തായെങ്കിലും സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ് കാണാമെന്ന ആവേശമാണ്, വിക്കറ്റ് നേട്ടം എതിരാളികളേക്കാൾ ആഹ്ലാദത്തോടെ ആഘോഷിക്കാൻ ചെന്നൈ ആരാധകരെ പ്രേരിപ്പിച്ചത്. റണ്ണൗട്ട് ഉറപ്പായെങ്കിലും ആരാണ് പുറത്തായത് എന്ന് അംപയർമാർ പരിശോധിക്കുന്നതിനിടെയാണ്, ധോണി പവലിയനിൽനിന്ന് ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്ക് എത്തിയത്. ജഡേജയാണ് പുറത്തായതെന്ന് അംപയർമാർ വിധിച്ചതിനു തൊട്ടുപിന്നാലെ ധോണി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ, ആരവങ്ങൾ ഉച്ചാസ്ഥിയിലെത്തി.
അതേസമയം സ്റ്റേഡിയത്തിലെ ബഹളം നിമിത്തം മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമ കൂടിയായ നിത അംബാനി കൈകൊണ്ട് ഇരു ചെവികളും പൊത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ക്രീസിലെത്തിയ ഉടനെ 19–ാം ഓവറിലെ അവസാന രണ്ടു പന്തുകൾ ധോണി നേരിട്ടെങ്കിലും റണ്ണെടുക്കാൻ ശ്രമിച്ചില്ല. തുടർന്ന് അവസാന ഓവറിൽ മിച്ചൽ സാന്റ്നറിന്റെ ആദ്യ പന്ത് സിക്സറിനു പറത്തി രചിൻ രവീന്ദ്രയാണ് വിജയറൺ കുറിച്ചതോടെ ധോണിയുടെ ബാറ്റിങ് കാണാനിറങ്ങിയവർക്ക് നിരാശരാകേണ്ടി വന്നു.
View this post on Instagram