ഗാസിയാബാദ്: ഗാസിയാബാദിൽ പുതുതായി വിവാഹിതയായ യുവതി ഭർത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചുമാറ്റിയതായി പോലീസ്. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭാര്യയുടെ ആക്രമണത്തിൽ 26 വയസുകാരനായ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു, ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി.
മോദിനഗർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സഞ്ജയ് പുരി പ്രദേശത്താണ് സംഭവം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട രണ്ട് കൂട്ടങ്ങൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നെന്ന വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതായി മോദിനഗർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് അമിത് സക്‌സേന അറിയിച്ചു.
അന്വേഷണത്തിൽ, അക്രമത്തിനു പിന്നിൽ വിപിൻ (26) എന്ന യുവാവും ഭാര്യ ഇഷയും തമ്മിലുള്ള ദാമ്പത്യ തർക്കമാണെന്ന് വ്യക്തമായി. 2025 മെയ് 6ന് വിവാഹിതരായ ഇരുവരും തിങ്കളാഴ്ച വൈകുന്നേരം പാചകത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് ശാരീരിക ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇതിന്റെ ഇടയിലാണ് യുവാവിന് ഗുരുതര പരുക്കേറ്റത്.
പരുക്കേറ്റ വിപിനെ ആദ്യം ഗാസിയാബാദിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഇഷയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടിലെത്തിയതോടെ ഇരുകുടുംബങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ ഉണ്ടായി. ഇതേത്തുടർന്നാണ് പോലീസ് വീണ്ടും സ്ഥലത്തെത്തിയത്.
പാചകവുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദാമ്പത്യ കലഹത്തിന് പിന്നിലെ മറ്റ് കാരണങ്ങളെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
















































