പട്ന: ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആരും ആഗ്രഹിക്കേണ്ടെന്നും അഴിമതിക്കാർക്കെതിരെയാണ് എൻഡിഎ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാർ 30 ദിവസം ജയിലിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിൽ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിൽ അഭിപ്രായ പ്രകടനം നടത്തുന്നത്.
‘‘ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായി എന്നിരിക്കട്ടെ, അതോടെ അയാളുടെ ജോലി ഇല്ലാതാകും. ഒരു ഡ്രൈവറോ, ക്ലർക്കോ, പ്യൂണോ ആവട്ടെ, അവർക്കും അങ്ങനെ തന്നെ. എന്നാൽ, ഒരു മന്ത്രിക്കോ, മുഖ്യമന്ത്രിക്കോ, പ്രധാനമന്ത്രിക്കോ ജയിലിൽ കഴിഞ്ഞുകൊണ്ടു പോലും ഭരണം നടത്താം. ജയിലിൽ നിന്നു ഫയലുകളിൽ ഒപ്പിടുന്നതും ജയിലിനുള്ളിൽ നിന്ന് സർക്കാർ ഉത്തരവുകൾ വരുന്നതും കുറച്ചു കാലം മുൻപ് നമ്മൾ കണ്ടതാണ്. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കിൽ നമുക്കെങ്ങനെ അഴിമതിക്കെതിരെ പോരാടാനാകുമെന്നും മോദി ചോദിച്ചു.
അതുപോലെ വരാനിരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് പ്രധാന വെല്ലുവിളിയുയർത്തുന്ന ആർജെഡിയെ പ്രസംഗത്തിൽ മോദി വിമർശിച്ചു. അതേസമയം ബിഹാറിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് മറുപടിയെന്നോണമാണ് എൻഡിഎ മോദിയുടെ റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സംസ്ഥാനത്ത് 13,000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മോദി തറക്കല്ലിടുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അഞ്ചു വർഷമോ, അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രിമാർക്ക് പദവി നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് ബിൽ. ഇതിനിടെയാണ് ബില്ലിൽ നിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന രീതിയിൽ മോദിയുടെ വിശദീകരണം.