കോട്ടയം: വഖഫ് ഭേദഗതി ബില്ലും മുനമ്പം വിഷയവും എല്ലാം ഒന്നുതന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വഖഫ് ബില്ല് വന്നാൽ മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. വഖഫ് ബില്ലിൽ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടും. ബിജെപി പ്രസിഡന്റായതിന് ശേഷം ആദ്യമായി എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഈ ബില്ലിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും മുനമ്പം പ്രശ്‌നത്തിൽ ആരാണ് അവർക്കൊപ്പം നിന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എൻഡിഎയുടെ യോഗം നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുക്കാൻ പോവുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അദ്ദേഹം കേരള ബിജെപി പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണിത്. യോഗത്തിൽ കഴിഞ്ഞ ദിവസം ലോക്‌സഭ ചർച്ച ചെയ്ത വഖഫ് വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും ഇന്നലെ ഇന്ത്യമുന്നണിയുടെ പ്രീണന രാഷ്ട്രീയം വെളിച്ചത്തായി. നാണം കെട്ട രാഷ്ട്രീയമാണ് അവർ നടത്തിയത്. കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ജി. സുകുമാരൻ നായരുടെ അനുഗ്രഹം തേടാനാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതെന്നും സൗഹാർദ്ദപരമായ സന്ദർശനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.