ക്രിക്കറ്റിലെ തന്റെ ആരാധനാ മൂർത്തി ഒന്നു ചേർത്തുപിടിച്ചപ്പോൾ ആ 19 കാരന്റെ മുഖം കാണണമായിരുന്നു സന്തോഷം കൊണ്ട് മതിമറന്ന് അവൻ ആ ആളോട് ചേർന്നു നിന്നു. ഇന്നലെ ചെന്നൈ- മുംബൈ മത്സര ശേഷമായിരുന്നു സംഭവം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇന്നലെ ലഭിച്ചത്.
ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലേയർ ആയി ഇറങ്ങിയ താരം കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല ചെന്നൈ ക്യാപ്റ്റന്റേതടക്കം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. റുതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.
മത്സരത്തിൽ മുംബൈ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയെ സമ്മർദ്ദത്തിലാക്കുന്ന ബോളിങ് പ്രകടനം പുറത്തെടുക്കാൻ മലയാളി താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരശേഷം ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ നായകനുമായ എം എസ് ധോണി വിഘ്‌നേഷിനെ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. ഇതോടെ മലയാളി താരത്തെ ധോണി സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതും കാണാനായി. മനോഹരമായ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
The men in 💛 take home the honours! 💪
A classic clash in Chennai ends in the favour of #CSK ✨
Scorecard ▶ https://t.co/QlMj4G7kV0#TATAIPL | #CSKvMI | @ChennaiIPL pic.twitter.com/ZGPkkmsRHe
— IndianPremierLeague (@IPL) March 23, 2025