വാഷിങ്ടൺ: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യുഎസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചർച്ചകൾക്കും വളരെയേറെ ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കൻ സംസ്ഥാനങ്ങൾ നിയമനടപടിക്കൊരുങ്ങുന്നതിനിടെ യുഎസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ് വഴികൾ തേടുകയാണ് ഒരു വിഭാഗം ഇന്ത്യക്കാരും വിദേശികളും. ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവച്ചതോടെ ഈ ക്ക് മുതീയതിൻപ് സിസേറിയനിലൂടെ പ്രസവിക്കുകയെന്ന മാർഗമാണ് പലരും സ്വീകരിച്ചിരിക്കുന്നത്.
ഇത്തരത്തിലെത്തുന്ന ഇന്ത്യൻ വനിതകളുടെ ആവശ്യവും വർധിക്കുകയാണെന്നാണ് യുഎസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസം തികയുന്നതിന് മുൻപേ സിസേറിയനിലൂടെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ നിരവധി പേർ തന്നെ സമീപിച്ചുവെന്ന് ന്യൂ ജേഴ്‌സിയിലെ മറ്റേണിറ്റി ക്ലിനിക്കിൽ പ്രവർത്തിക്കുന്ന ഡോഎസ്.ഡി രാമ പറഞ്ഞു. “മാർച്ചിൽ ഡേറ്റ് പറഞ്ഞിരിക്കുന്ന യുവതി ഭർത്താവിനൊപ്പം കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയിരുന്നു, നേരത്തെ പ്രസവിക്കണമെന്നായിരുന്നു അവരുടെ ആവശ്യം”, ഡോക്ടർ പറഞ്ഞു.
സമാന ആവശ്യവുമായി ഒട്ടേറെ ദമ്പതിമാർ തന്നെയും സമീപിച്ചുവെന്ന് ടെക്‌സസിലെ ആശുപത്രിയിലെ ഡോ എസ്ജി മുക്കാളയും പറഞ്ഞു. ഇത്തരത്തിൽ സിസേറിയനിലൂടെ പ്രസവം നേരത്തേയാക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങൾ പൂർണവളർച്ചയെത്തിയിട്ടുണ്ടാവില്ലെന്ന് മാത്രമല്ല നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര തകരാറുകൾ വരെ കുഞ്ഞുങ്ങൾക്കുണ്ടായേക്കാമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. അമ്മയുടെ ആരോഗ്യത്തേയും ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ രണ്ട് ദിവസം കൊണ്ട് തങ്ങളെ കാണാനെത്തിയ ഇരുപതിലേറെ ദമ്പതിമാരോട് ഇതിനെ സംബന്ധിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം യുഎസിൽ ജനിച്ച ഏതൊരാൾക്കും അമേരിക്കൻ പൗരത്വം ലഭിക്കും. എന്നാൽ ട്രംപിന്റെ ഉത്തരവുപ്രകാരം നിയമവിരുദ്ധമായും താത്കാലിക തൊഴിൽ വിസ, വിദ്യാർഥി- വിനോദസഞ്ചാര വിസകൾ എന്നിവയിലും യുഎസിലെത്തിയവർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്ക് ഇനിമേൽ അവിടെ പൗരത്വം അവകാശമായി ലഭിക്കില്ല.അങ്ങനെ ലഭിക്കണമെങ്കിൽ മാതാപിതാക്കളിൽ ഒരാൾക്ക് യുഎസ് പൗരത്വമോ, ഗ്രീൻ കാർഡോ ഉണ്ടാകണം, അതല്ലെങ്കിൽ യുഎസ് സൈന്യത്തിൽ അംഗമായിരിക്കണം. ഫെബ്രുവരി 20ന് ശേഷമാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. യുഎസിന്റെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ട്രംപിന്റെ തീരുമാനം അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹത്തിനു ഏറെ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.