പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12ഗ്രാം എംഡിഎംഎയാണ് എക്സെെസ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. അതേസമയം പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, സിറിഞ്ച് എന്നിങ്ങനെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ സ്വദേശികളായ അശ്വതിയും മകനും എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്ത് വിൽക്കാനാണ് സംഘം എംഡിഎംഎ എത്തിച്ചതെന്നാണ് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികൾ സഞ്ചരിച്ച കാറും എക്സെെസ് സംഘം കസ്റ്റഡിയിലെടുത്തു.
അതേസമയം, വില്പനയ്ക്കായി ബംഗളൂരിൽ നിന്നെത്തിച്ച 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ആമച്ചൽ കള്ളിക്കാട് താഴെ പുത്തൻവീട്ടിൽ വിഷ്ണു (35), അനൂപ് (33) എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്. രണ്ടു പായ്ക്കറ്റ് ബ്രഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിഷ്ണുവിന്റെ ആമച്ചലിലുള്ള വീട്ടിൽ നിന്നാണ് എംഡിഎംഎ പോലീസ് കണ്ടെടുത്തത്. ഇയാൾക്കെതിരെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പത്തോളം കേസുകളുണ്ട്. അതേസമയം കൊലക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയാണ് അനൂപ്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി എൻ.ഷിബു,നർകോട്ടിക്ക് ഡിവൈ.എസ്.പി പ്രദീപ്,എസ്.എച്ച്.ഒ മൃദുൽ കുമാർ, എസ്.ഐ മനോജ്, ഡാൻസാഫ് ടീം എസ്.ഐ ശ്രീ ഗോവിന്ദ്,റസ്സൽ രാജ്,സുനിൽ,നിവിൻ രാജ്, ശരൺ,അഭിലാഷ്,വിജീഷ് എന്നിവരും കാട്ടാക്കട ഗ്രേഡ് എസ്.ഐ സുനിൽ കുമാർ,മോഹനൻ,രാജേഷ് സി.പി.ഒമാരായ രതീഷ്,ബാദുഷ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.