തിരുവനന്തപുരം: വീണ്ടും മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയുമായി രമേശ് ചെന്നിത്തല. ഗവർണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും കേരള ഹൗസിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യം ആരായവേയാണ് ചെന്നിത്തല നിയമസഭയിൽ വീണ്ടും മിസ്റ്റർ ചീഫ് മിനിസ്റ്റർ പ്രയോഗം നടത്തിയത്.
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചായിരുന്നു ചെന്നിത്തല നിർമലാ സീതാരാമൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടത്. നേരത്തെ മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളി സഭയിൽ മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. എന്നാൽ ഇത്തവണ സംയമനത്തോടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ യോഗത്തിൽ പങ്കെടുത്തത് യാദൃശ്ചികമാണെന്നും മുഖ്യമന്ത്രി വിവരിക്കുകയുണ്ടായി.
ചെന്നിത്തലയുടെ ചോദ്യം ഇങ്ങനെയായിരുന്നു- ‘കേരളത്തിന്റെ മുഖ്യമന്ത്രിമാർ ഇതിന് മുമ്പും കേന്ദ്ര മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്. ഞങ്ങൾ അതിനല്ല വിമർശിച്ചത്. എന്ത് അനൗദ്യോഗിക സന്ദർശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണം. ഗവർണർക്കൊരു ഒരു രാഷ്ട്രീയമുണ്ട്. മിസ്റ്റർ ചീഫ് മിനിസ്റ്റർ നിങ്ങൾ പറയണം. എന്താണ് ചർച്ച ചെയ്തതെന്ന്….അത് കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. ബിജെപിയിൽ മൂന്നാംസ്ഥാനം വഹിക്കുന്ന ധനമന്ത്രി മുഖ്യമന്ത്രിയെ വന്ന് കാണണമെങ്കിൽ അതും അനൗദ്യോഗിക സന്ദർശനം നടത്തുമ്പോൾ അതിൽ രാഷ്ട്രീയം കണ്ടെത്തുന്നതിൽ എന്താണ് തെറ്റ്. കേരളത്തിന്റെ ഗവർണർ അതിലൊരു പാലമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല’ ചെന്നിത്തല പറഞ്ഞു.
അതേസമയം ഞങ്ങൾ രാഷ്ട്രീയ നെറികേട് കാണിക്കുന്നവരല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. എന്തോ വല്ലാത്ത സംഭവം നടന്നു എന്ന മട്ടിലാണ് നിർമലാ സീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് ചെന്നിത്തല പ്രതികരിച്ചത്. അവിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് മഴയെത്തുമോ? ഇടിമിന്നലിനെതിരെ ജാഗ്രത വേണം; നിര്‍ദേശങ്ങള്‍ അറിയാം
‘എനിക്കവിടെ പാർട്ടി യോഗമുണ്ടായിരുന്നു. ഗവർണർ എല്ലാ എംപിമാർക്കും അത്താഴവിരുന്ന് ഒരുക്കുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാൻ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ഡൽഹിയിൽ ആ സമയത്ത് ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇല്ലെന്ന് പറഞ്ഞത്. എന്നാൽ ആ പരിപാടിക്ക് ഞാൻ അദ്ദേഹവും വന്നത് ഞാൻ ഡൽഹിയിലേക്ക് പോയ അതേ വിമാനത്തിലാണ്. പിറ്റേദിവസമാണ് ഗവർണറുടെ പരിപാടി. അന്നുതന്നെയാണ് പിബി യോഗവും. അടുത്തടുത്താണ് ഇരുന്നത്. നാളെയാണ് പരിപാടി, നിങ്ങൾ വരുമോയെന്ന് ഗവർണർ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം മുമ്പ് ക്ഷണിച്ച കാര്യം ഓർമയിൽ വന്നതും. ഡൽഹിയിൽ രണ്ടുപേരും എത്തുന്നത് യാദൃശ്ചികവുമായിരുന്നു. ഞാൻ എത്താമെന്നും പറഞ്ഞു. അതിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിക്കിടെ ഗവർണറോട് ഞാൻ പറഞ്ഞു, നാളെ ധനകാര്യമന്ത്രി പ്രാതലിന് വരുന്നുണ്ട്. നിങ്ങൾക്കും വരാൻ പറ്റുമെങ്കിൽ സൗകര്യമായിരുന്നുവെന്ന് പറഞ്ഞു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അപ്പോൾ, അദ്ദേഹം ഇട്ട പാലത്തിലൂടെ ഞാൻ അങ്ങോട്ട് പോയതല്ല, ഇങ്ങനെ നടന്നപ്പോൾ സംഭവിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണർക്കും എനിക്കും നിർമലാ സീതാരാമനും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ തമ്മിൽ കണ്ടാൽ അവരുടെ രാഷ്ട്രീയം ഉരുകി പോകുകയില്ല. അവിടെ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. നാടിന്റെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്തത്. അങ്ങനെയുള്ള സൗഹൃദ സംഭാഷണമായിരുന്നു അത്. നിവേദനങ്ങൾ കൈമാറിയിട്ടില്ല. അങ്ങനെയുള്ള ഒന്നാക്കി ആ ബ്രേക്ക്ഫാസ്റ്റ് വിരുന്ന് ഞാൻ മാറ്റിയിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. ആർഎസ്എസും ബിജെപിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോൾ മുഖ്യമന്ത്രിയുടെയും ലൈനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ അടിയന്തരാവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജീവിക്കാനുള്ള അവകാശം അടക്കമുള്ള മൗലിക അവകാശങ്ങളെല്ലാം എടുത്ത് കളഞ്ഞ ഒരു കാലമുണ്ടായിരുന്നു, അതാണ് അടിയന്തരാവസ്ഥ കാലം. അത് ഇന്ത്യയിലുണ്ടായി. ആ കാലത്തെ സിപിഎം എന്താണ് വിശേഷിപ്പിച്ചതെന്ന് ചെന്നിത്തലയ്ക്ക് അറിയുമോ… അമിതാധികാര വാഴ്ചയുടെ കാലം എന്നായിരുന്നു. ഞങ്ങൾ പദങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും ശരിയായ അപഗ്രഥനത്തോടെയാണ്. ഫാസിസത്തിന്റെ ഒട്ടേറെ സവിശേഷതകൾ അന്നും ഉണ്ടായിരുന്നു. അതാണ് സിപിഎമ്മിന്റെ രീതി. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ വിലയിരുത്തലും. ഫാസിസ്റ്റ് പ്രവണതയുള്ള ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാർ. അത് കൃത്യമായ വിലയിരുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.