ജയ്പുർ: ഭാര്യയ്ക്ക് റെയിൽവേയിൽ ജോലികിട്ടിയത് തട്ടിപ്പിലൂടെയാണെന്നും ഇതിനായി താൻ 15 ലക്ഷം കൈക്കൂലി നൽകിയെന്നുമുള്ള യുവാവിന്റെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഈ പരാതി റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ജോലിത്തട്ടിപ്പിലേക്കുള്ള തുമ്പാണെന്ന നിഗമനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നു കാണിച്ച് രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭാര്യയ്ക്ക് റെയിൽവേയിൽ ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് വെളിപ്പെടുത്തിയാണ് ഇയാൾ റെയിൽവേ അധികൃതർക്ക് പരാതി നൽകിയത്. ലക്ഷങ്ങൾ കൈക്കൂലി നൽകി തട്ടിപ്പിലൂടെയാണ് ഭാര്യ ആശ മീണയ്ക്ക് റെയിൽവേയിൽ ജോലി സംഘടിപ്പിച്ചുനൽകിയതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.
പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാർഥിയെ അടക്കം ഉപയോഗിച്ചാണ് ജോലിതട്ടിപ്പ് നടത്തിയത്. റെയിൽവേ ഗാർഡായ രാജേന്ദ്ര എന്നയാളാണ് ഇതിനുവേണ്ട കാര്യങ്ങൾ ചെയ്തുനൽകിയത്. ഇതിനായി തന്റെ കൃഷിഭൂമി പണയംവച്ച് 15 ലക്ഷത്തോളം രൂപയാണ് രാജേന്ദ്രയ്ക്ക് നൽകിയതെന്നും മനീഷ് മീണ പറഞ്ഞിരുന്നു. പക്ഷെ, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷ് മീണയെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താൽ ഒപ്പംതാമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ് മീണ പരാതിയുമായി റെയിൽവേ അധികൃതരെ സമീപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തന്റെ ഭാര്യ ആശ വീണയ്ക്കു പകരം പരീക്ഷയെഴുതിയത് നിലവിൽ ഡൽഹി പോലീസ് കോൺസ്റ്റബിളായ ലക്ഷ്മി മീണയാണ്. മാത്രമല്ല സപ്‌ന മീണ എന്ന യുവതിക്കുവേണ്ടിയും ലക്ഷ്മി തന്നെയാണ് പരീക്ഷയെഴുതിയത്. കായിക ക്ഷമതാ പരിശോധനയ്ക്കും ലക്ഷ്മി തന്നെയായിരുന്നു ഇവർക്കുവേണ്ടി ഹാജരായത്. പിന്നാലെ തന്റെ ഭാര്യയായ ആശ മീണയ്ക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ പോയിന്റ്‌സ് വുമണായും സപ്‌ന മീണയ്ക്ക് ഹെൽപർ തസ്തികയിലും ജോലി ലഭിച്ചെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. ഡമ്മിയായി പരീക്ഷയെഴുതിയ ലക്ഷ്മി മീണ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡൽഹി പോലീസിൽ കോൺസ്റ്റബിളായി നിയമിതയായെന്നും പരാതിയിലുണ്ട്.
ഇയാളുടെ പരാതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിബിഐ കേസെടുത്തത്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ ജോലിത്തട്ടിപ്പ് നടന്നതായാണ് സിബിഐയുടെ നിഗമനം. നിലവിൽ ഡൽഹി പോലീസ് കോൺസ്റ്റബിൾ ലക്ഷ്മി മീണ, റെയിൽവേ പോയിന്റ്‌സ് വുമണും മനീഷിന്റെ ഭാര്യയുമായ ആശ മീണ എന്നിവർക്കെതിരേയും ചില റെയിൽവേ ഉദ്യോഗസ്ഥർക്കെതിരേയുമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ എട്ടുമാസമായി താൻ ഈ പരാതിയുമായി റെയിൽവേ അധികൃതരെയും അന്വേഷണ ഏജൻസികളെയും കണ്ടുകൊണ്ടിരിക്കുകയാണെന്ന് മനീഷ് മീണ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സംഭവത്തിൽ ഭാര്യയെയും റെയിൽവേ ഗാർഡായ രാജേന്ദ്രയെയും സസ്‌പെൻഡ് ചെയ്‌തെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ജബൽപുരിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരാണ് തട്ടിപ്പുസംഘത്തിന്റെ സൂത്രധാരന്മാർ. ഇവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മനീഷ് മീണ പറയുന്നു.