ജൽന: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അധിക്ഷേപ- ഭീഷണി കമെന്റുകളിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് 27 കാരനായ മഹേഷ് തന്റെ ഗ്രാമത്തിലെ ഒരു കിണറ്റിൽ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ- മധ്യ മഹാരാഷ്ട്ര ജില്ലയിലെ പാർത്തൂർ തഹസിലിനു കീഴിലുള്ള ടോക്മൽ തണ്ട ഗ്രാമത്തിലെ താമസക്കാരനായിരുന്നു ഇയാൾ. മഹേഷും സുഹൃത്തും പൊതുവിടത്തിൽ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്യലഹരിയിൽ ചെയ്തതായി ആരോപിച്ചുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്. ഇതു ഒട്ടേറെ വിമർശനങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. മഹേഷും സുഹൃത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഭീഷണി തുടർന്നു.
ഇതോടെ മാനസിക സമ്മർദ്ദവും അപമാനവും സഹിക്കാൻ കഴിയാതെ മഹേഷ് അഡെ ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു.

















































