തൃശൂർ: തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഡോ. വി ആതിരയെയാണ് ബിജെപി സ്ഥാനാർഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ ഇവിടെ മത്സരിപ്പിക്കുക. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോ. വി. ആതിരയെയാണ് വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് ഹാരാർപ്പണം നടത്തി മത്സരിക്കാൻ അയച്ച മേയർ സ്ഥാനാർഥിയെ സ്വന്തം പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചതായി സന്ദീപ് വാര്യർ പറഞ്ഞു. ‘കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടിയുടെ പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം. കാൻഡിഡേറ്റ് ശരിക്കും മിസ്സാട്ടാ. കർമ ഈസ് ബൂമറാങ്ങ്. നാറാത്തത് ഇനി നാറും’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതേസമയം കടുത്ത എതിർപ്പിനെത്തുടർന്നാണ് കുട്ടൻകുളങ്ങര ഡിവിഷനിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചത്. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാർഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടർന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടൻകുളങ്ങരയിൽ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയർ സ്ഥാനാർഥിയെന്ന നിലയിൽ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാൽ, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോൾ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവർത്തകരുടെ ആരോപണം. ഉദയനഗർ റോഡിന്റെ തകർച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാർഥികളും ഇവർക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടൻകുളങ്ങരയിൽ സ്ഥാനാർഥിയെന്ന നിലയിൽ എത്തിയപ്പോൾ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞതും വൻ വിവാദമായിരുന്നു.
കുട്ടൻകുളങ്ങര ഡിവിഷനിൽ നിലവിലെ കൗൺസിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ൽ ബി. ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർഥിയെന്ന നിലയിൽ രംഗത്തിറക്കിയെങ്കിലും വൻ തോൽവി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തു. ഇതു പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ആതിരയെ രംഗത്തിറക്കിയതെങ്കിലും പ്രദേശിക എതിർപ്പ് തിരിച്ചടിയായി. ആതിര മത്സരിച്ച പൂങ്കുന്നം ഡിവിഷൻ രഘുനാഥ് സി. മേനോനു നൽകുകയും ചെയ്തു. രണ്ടു ഡിവിഷനുകളും ബിജെപിക്കു ശക്തമായ അടിത്തറയുണ്ട്. അവസാന സമയത്തെ തർക്കം വിജയപ്രതീക്ഷയെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കൂടിയാണ് ആതിരയെന്നിരിക്കെ ജില്ലയിലെ ഒരു ഗ്രൂപ്പ് ആണ് തുരങ്കംവച്ചു രംഗത്തെത്തിയതെന്നും ആരോപണമുണ്ട്. ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ ചേരിയുടെ നേതാവ് കൂടിയാണ് ഇയാൾ. കൊടകര കുഴൽപ്പണ കേസിലടക്കം ആരോപണ വിധേയനായ നേതാവ് ആതിരയുടെ വീട്ടിലെത്തി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നും പറയുന്നു. ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ പാർലമെന്റ് അംഗത്തെ സമ്മാനിച്ച തൃശൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുകയെന്ന മറ്റൊരു ചരിത്രം കുറിക്കാനുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമത്തെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനും ആർ.എസ്.എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചുവെന്നാണ് പറയുന്നത്. നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ നഷ്ടമാവും ഉണ്ടാവുകയെന്ന മുന്നറിയിപ്പും നേതാക്കളും പ്രവർത്തകരും നൽകുന്നു.

















































