തിരുവനന്തപുരം: തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗൊലുവിന്റെ റിപ്പോര്‍ട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായതിനു കോണ്‍ഗ്രസ് നേതൃത്വത്തിനിടെയുണ്ടായ താത്കാലിക ധാരണകള്‍ പൊളിയുന്നു. നേരത്തേ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടരുമെന്നു വ്യക്തമാക്കിയെങ്കിലും അധികകാലം നീളില്ലെന്നാണു പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസത്തെ നേതൃയോഗത്തിനു പിന്നാലെ കെ. സുധാകരന്‍ എംപി നടത്തിയ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ അദ്ദേഹത്തെ നീക്കാനുള്ള തീരുമാനത്തില്‍ എഐസിസി എത്തിയെന്നാണു വിവരം. അടുത്തയാഴ്ച പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം രാജിവയ്ക്കുകയെന്ന നിര്‍ദേശമാണു ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.
കുത്തഴിഞ്ഞു കിടക്കുന്ന സംഘടനാ സംവിധാനം ഉപയോഗിച്ചു കോണ്‍ഗ്രസിനു സംസ്ഥാനത്തെ തെരഞ്ഞെടുപ്പു നേരിടാനാകില്ലെന്നാണു കനഗൊലുവിന്റെ റിപ്പോര്‍ട്ട്. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കമുള്ള പഴയ നേതാക്കളെ രംഗത്തിറക്കി ഭിന്നതകളില്ലാതെ മുന്നോട്ടു പോകണമെന്നാണു തീരുമാനം. സുധാകരന്‍ കെപിസിസി പ്രസിഡന്റായതിനുശേഷം മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ ഗൗരവതരമായ മൗനത്തിലാണ്.
പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്
നേരത്തേ കെ. സുധാകരനെ നീക്കണമെന്ന ആവശ്യവുമായി വി.ഡി. സതീശന്‍ വിഭാഗം ശക്തമായി രംഗത്തെത്തിയെങ്കിലും കെ. മുരളീധരനും രമേശ് ചെന്നിത്തലയും ശക്തമായി രംഗത്തുവന്നു. സുധാകരനെ നീക്കേണ്ടതില്ലെന്ന് ശശി തരൂരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിമര്‍ശനവുമായി എത്തിയവര്‍ പിന്നാക്കം പോയി.
നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പു നയിക്കാന്‍ സുധാകരനു കഴിയില്ലെന്നാണു കണ്ടെത്തല്‍. സംഘടനയെ ചലിപ്പിക്കാന്‍ കഴിയുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുമുള്ള ദീപാദാസ് മുന്‍ഷി സംസ്ഥാന-ജില്ലാതല നേതാക്കളുമായി സംസാരിച്ചതില്‍നിന്നും ഈ റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്. യുഡിഎഫ് ഘടക കക്ഷികളില്‍നിന്നും അഭിപ്രായം തേടിയിരുന്നു.
സുധാകരന്റെ ആരോഗ്യമാണു പ്രധാന കാരണം. അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പലകാര്യങ്ങളും മറന്നുപോകുകയും അടുത്തിരുന്ന ടി.എന്‍. പ്രതാപനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജുവും അരികിലിരുന്നു ചെവിയില്‍ ഓര്‍മപ്പെടുത്തുകയുമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളും ഹൈക്കമാന്‍ഡിനു ലഭിച്ചു.
സാമുദായിക പരിഗണനവച്ച് ക്രൈസ്തവ സമുദായത്തില്‍നിന്ന് ഉള്ളവരെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ബെന്നി ബഹനാന്‍ എംപിക്കാണ് പ്രഥമ പരിഗണന. ആന്റോ ആന്റണിയും പട്ടിടയിലുണ്ട്. അടുത്താഴ്ച ആദ്യംതന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ഐഐസിസി നേതാവ് സൂചിപ്പിച്ചു.