കൊല്ലം: എട്ടാം ക്ലാസുകാരന്റെ മരണത്തിലേക്ക് നയിച്ചത് സ്കൂളിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെന്ന് ആരോപണം. സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേർന്ന് തകരഷീറ്റിൽ സൈക്കിൾ ഷെഡ് നിർമിച്ചതാണ് ഒരു ജീവൻ നഷ്ടമാകുന്നതിലേക്കു നയിച്ചതെന്നു നാട്ടുകാർ പറയുന്നു. മൈതാനത്തോടു ചേർന്നുള്ള സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണു സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ടു ഏകദേശം 40 വർഷത്തോളമായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിനു തൊട്ടു മുകളിലായി.
കൂടാതെ ക്ലാസിന് ഉള്ളിലൂടെതന്നെ വിദ്യാർഥികൾക്കു ഷെഡിലേക്ക് ഇറങ്ങാൻ കഴിയും. ബെഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നു തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ക്ലാസ് മുറിയിലെ ബോർഡിനു തൊട്ടു മുകളിൽ ഒര ജനലുണ്ട്. ഇതു പലകവച്ചു മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുൻ ഷീറ്റിലേക്കു കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം.
ആ സമയത്ത് അധ്യാപകർ സ്കൂളിലുണ്ടായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വൈദ്യുതി ലൈനിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്കൂൾ അധികൃതർ മിഥുനെ കണ്ടത്. ഇതിനിടെ വൈദ്യുതി ലൈൻ ഓഫ് ചെയ്യാനും കാലതാമസമുണ്ടായതായി നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ കെഎസ്ഇബി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ പറഞ്ഞു. ‘‘കെട്ടിടത്തിന്റെ പിൻഭാഗത്തായതിനാൽ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തറയിൽനിന്നു വൈദ്യുതി ലൈനിലേക്ക് 20 അടിയെങ്കിലും ഉയരമുണ്ട്. ഷെഡ് പണിതപ്പോൾ ലൈനും തകരഷീറ്റും അടുത്തായി. ഇവിടെ ഷെഡ് പണിതതാണ് അപകടത്തിലേക്കു നയിച്ചത്. കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്’’ – വർഗീസ് തരകൻ പറഞ്ഞു.
അതുപോലെ ഷീറ്റ് അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും വലിയ ദുഖമുണ്ടാക്കുന്ന സംഭവമാണിതെന്നും തേവലക്കര പഞ്ചായത്ത് അംഗം ലാലി ബാബു പറഞ്ഞു. 40 വർഷമായി അവിടെ വൈദ്യുതി ലൈനുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ലൈൻ താഴെ വീഴാതിരിക്കാൻ സുരക്ഷാ മുൻകരുതൽ എടുത്തിരുന്നു.
എട്ടു വർഷം മുൻപാണ് ഷെഡ് നിർമിച്ചത്. മാത്രമല്ല അതിനു കെഎസ്ഇബിയുടെ അനുമതി വാങ്ങിയില്ല. ഷെഡിലേക്ക് ആരും ഇറങ്ങാതിരിക്കാൻ ജനൽ പലകവച്ച് സ്കൂൾ അധികൃതർ അടച്ചിരുന്നു. രണ്ടു ദിവസം മുൻപ് അസി. എൻജിനീയർ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. ഷോക്കേൽക്കാത്ത കേബിൾ ആക്കാമെന്ന് അങ്ങോട്ടു പറഞ്ഞിരുന്നതായും കെഎസ്ഇബി അധികൃതർ പറഞ്ഞു.