കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും നടത്തുന്നുവെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ജയിൽ നടത്തിപ്പിനെ തന്നെ ബാധിക്കുന്നുവെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. അതിനാൽ കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിക്ക് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇവർ ഇടപാടുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും കത്തിൽ പറയുന്നു.
അതേസമയം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിടുതൽ ചെയ്താൽ പ്രശ്നം ഉണ്ടാകുമോ എന്നു ചോദിച്ച് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ ആസ്ഥാനത്തു നിന്ന് അയച്ച കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച കത്തും പുറത്തുവന്നത്. കൊടി സുനി, കിർമ്മാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്ന് ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇതിനായി മൊബൈൽ ഫോൺ ഉപയോഗിച്ചു വരുന്നുവെന്നും രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.
മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിയണമെന്ന വ്യവസ്ഥയിൽ കൊടി സുനിയെ 15 ദിവസത്തെ സാധാരണ അവധിയിൽ വിടുതൽ ചെയ്തിരുന്നു.
എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട് ലഭിച്ചതു പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ പ്രവേശിപ്പിച്ചു. തലശ്ശേരി കോടതിയിൽ ഹാജരാക്കുന്നതിനായി പൊലീസ് കാവലിൽ കൊണ്ടു പോയി തിരികെ വരുമ്പോൾ മദ്യപാനത്തിനു സഹായിച്ച മൂന്ന് പോലീസുകാർ സസ്പെൻഷനിലായിട്ടുണ്ടെന്ന് മാധ്യമങ്ങൾ വഴി അറിഞ്ഞിട്ടുണ്ട്. തടവുകാരന്റെ കൂട്ടു പ്രതികളായ 10 തടവുകാർ നിലവിൽ ഈ ജയിലിൽ തന്നെ കഴിയുന്നുണ്ട്. അച്ചടക്ക ലംഘനവും ജയിൽ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന തടവുകാരനെ തുടർന്നും ഈ ജയിലിൽ പാർപ്പിക്കുന്നത് ജയിൽ നടത്തിപ്പിനെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിയെ തിരികെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനു കോടതി ഉത്തരവ് നൽകണമെന്നാണ് കത്തിൽ പറയുന്നത്.
















































