കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞം സീ പോർട്ടിനെയും, കപ്പൽ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി. കപ്പൽ അപകടം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സർക്കാർ ഹൈക്കോടതിയിൽ
നേരത്തെ എം എസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പാണ് കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടം ഉണ്ടായെന്ന് കോടതിയെ അറിയിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി സർക്കാർ ആവശ്യപ്പെടുന്നത്. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് സർക്കാർ ആവശ്യം. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മെയ് 24 നാണ് കൊച്ചി തീരത്തിന് 30 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് എം. എസ്. സി എൽസ 3 എന്ന കപ്പൽ മുങ്ങിയത്. കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളുണ്ടായിരുന്നു. ഇവയിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളും റബ്ബർ കലർന്ന രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്‌നറും ഉൾപ്പെടുന്നു. കപ്പൽ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരത്തേക്ക് ഒഴുകിയെത്തി. തിരുവനന്തപുരം വരെ കണ്ടെയിനറുകളെത്തി. ഇത് വലിയ തോതിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് വിവരം. കപ്പലപകടം മത്സ്യബന്ധന മേഖലയെയും സാരമായി ബാധിച്ചു.