കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു കുരുന്നു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നെന്ന് വിവരം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് തൂങ്ങി മരിച്ചത്. ഓട്ടോറിക്ഷ വാങ്ങുന്നതിനായി സജീവ് കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തിരുന്നു. രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ ആരോപിച്ചു.
അടവ്മുടങ്ങിയതോടെ ഏജന്റുമാർ തന്നെയും മകനെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മോഹനൻ പറഞ്ഞു. മോഹനന്റെ പേരിലുള്ള ചെക്കും കരം തീർത്ത രസീതും നൽകിയാണ് വായ്പയെടുത്തിരുന്നത്. 30ന് മുമ്പ് വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സ്ഥാപനത്തിലെ ഏജന്റുമാർ അസഭ്യം പറഞ്ഞെന്നും മോഹനൻ ആരോപിച്ചു.
അതേസമയം ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് സൂചനയുണ്ടെന്നാണ് വിവരം. സജീവും ഭാര്യയും മക്കളും സജീവിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം. മാതാപിതാക്കൾ ജോലിക്കുപോയി തിരികെ വന്നപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധനകാര്യ സ്ഥാപനത്തിൽനിന്ന് സജീവിനും കുടുംബത്തിനും സമ്മർദമുണ്ടായിരുന്നെന്ന് ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.