കൊച്ചി: മുംബൈയിലെ ഭീകരാക്രമണത്തിന് മുമ്പ് ഭീകരൻ തഹാവൂർ റാണ കൊച്ചിയിലെത്തിയിരുന്നുവെന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇയാൾ ഒന്നിലധികം തവണ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും ഇമിഗ്രേഷൻ വിഭാഗത്തിൽ ഇതിന്റെ രേഖകൾ സഹിതമുള്ള തെളിവുണ്ടെന്നും ബെഹ്‌റ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തിന്റെ മുൻ തലവനായിരുന്നു ബെഹ്‌റ.
2008 നവംബറിൽ ആണ് തഹാവൂർ റാണ കൊച്ചിയിൽ എത്തിയത്. എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിലാണ് അന്ന് ഇയാൾ തങ്ങിയത്. മുംബൈ ഭീകരാക്രമണ കേസിലെ മറ്റൊരു പ്രധാന സൂത്രധാരൻ ഡേവിഡ് ഹെഡ്‌ലിയെ ബെഹ്‌റ ഉൾപ്പെട്ട സംഘം അന്ന് ചോദ്യം ചെയ്തിരുന്നു. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടൽ ശൃംഖലകളിൽ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. അതിൽ റാണയുടെ പേര് ഉണ്ടായിരുന്നു. റാണ എന്തിന് കൊച്ചിയിൽ വന്നുവെന്ന് എൻഐഎ അന്വേഷിക്കുമെന്നാണ് വിവരമെന്നും ലോക്നാഥ് ബെഹ്റ.
അതേസമയം ഈ വർഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വച്ചത്. റാണയുമായുള്ള പ്രത്യേക വിമാനം വ്യാഴാഴ്ച വൈകീട്ടോടെ ഡൽഹിയിലെ വ്യോമസേനാ താവളത്തിൽ എത്തി.
തുടർന്നു റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ നേരിട്ടു പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുമെന്നാണു സൂചന. എൻഐഎയുടെ മുതിർന്ന അഭിഭാഷകർ കോടതിയിൽ എത്തി. എൻഐഎ പ്രത്യേക ജഡ്ജി ചന്ദർ ജിത് സിങ്ങാണ് വാദം കേൾക്കുക. ക്രിമിനൽ ഗൂഢാലോചന, ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം, കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, യുഎപിഎ വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് തഹാവൂർ റാണയുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയിൽ (ഡിഎൽഎസ്എ) നിന്നുള്ള അഭിഭാഷകനായ പിയൂഷ് സച്ച്ദേവയാണ് റാണയ്ക്കായി ഹാജരാകുക. കോടതിയിൽ ഹാജരാക്കിയതിനുശേഷം ഇയാളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽ ഹാജരാക്കിയതിനു ശേഷം തഹാവൂർ റാണയെ മുംബൈയിലേക്കു കൊണ്ടുപോകുമെന്നാണു വിവരം. എൻഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും.
അതേസമയം റാണയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയൻ പൗരനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 2008 നവംബർ 26-ന് 166 പേരുടെ മരണത്തിൽ കലാശിച്ച മുംബൈ ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാൻ- അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ (64). പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബിസിനസുമായി ബന്ധപ്പെട്ട് 1997മുതൽ കാനഡയിലാണ്. ഹെഡ്ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐഎസ്ഐയിലേക്കും അടുപ്പിച്ചു. എൻഐഎ കുറ്റപത്രം പ്രകാരം ഹെഡ്ലി, റാണ, ലഷ്‌കർ ഇ തയ്ബ സ്ഥാപകൻ സാക്കിയുർ റഹ്‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ സന്ദർശിച്ചതും ഭീകരർക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുഎസ് അന്വേഷണ ഏജൻസി എഫ്ഐബി 2009 ഒക്ടോബറിൽ ഹെഡ്ലിയെയും റാണയെയും അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസങ്ങൾ പൂർണമായി നീങ്ങിയത്.