കൊച്ചി: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെന്ന 26 കാരന്റെ തട്ടിപ്പിനിരയാകാത്തവർ സംസ്ഥാനത്തുതന്നെയില്ലായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മുൻപും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകൾ വന്നിരുന്നുവെങ്കിലും അത്ര ഗൗരവത്തോടെ ആരുമെടുത്തില്ല. അതോടെ അനന്തുവെന്ന 26 കാരൻ വടവൃക്ഷമായി വളരുകയായിരുന്നു.
കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ അനന്തു കൃഷ്ണൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു പഴയ സഹപ്രവർത്തകർ പറയുന്നു.
വളർച്ച പത്താം ക്ലാസിൽ പഠിക്കുമ്പോൾ
പത്താംക്ലാസിൽ പഠിക്കുന്നതിനിടെ കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തുകൃഷ്ണൻ പൊതുരംഗത്തേക്ക് വരുന്നത്. കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും ബന്ധം സ്ഥാപിച്ചു. അവർ വനിതാ കമ്മിഷൻ അംഗമായപ്പോൾ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും പയറ്റിക്കയറി.
ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്തിരുന്ന അനന്തു പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നു. ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയ സംഭവം ചർച്ചയായിരുന്നു. എന്നാൽ ഈ പണം പിന്നീട് കൊടുത്തു തീർത്തതോടെ ആ കേസും ഒതുങ്ങി. അതിനു ശേഷം തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായി റിമാൻഡിലായെങ്കിലും ആ കേസും ഒതുക്കിതീർത്തു.
മുൻ വനിതാ കമ്മിഷൻ അംഗത്തിന്റെ സ്റ്റാഫായ ശേഷം ബിജെപി പ്രവർത്തകരും അയാളുടെ അടുപ്പക്കാരായി. ഇതുവഴി ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാകുമാരി ഇയാൾക്കെതിരെ ചെക്ക് കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസന്റായിരുന്നു. അനന്തു ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഏഴാംപ്രതിയാണ് ലാലി വിൻസെന്റ്.
തട്ടിപ്പിന്റെ തുടക്കം 2022ൽ
സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പിനു തുടക്കമിട്ടത് 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. അന്ന് 1.25 ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്റ്റർ ചെയ്തു പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ തട്ടിപ്പ് വിജയിച്ചെന്നു കണ്ടതോടെ സമാന രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീടു നൽകി. ഇതിനായി സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൽറ്റൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. അക്കൗണ്ടുകൾ പലതാണെങ്കിലും എത്തുന്നത് അനന്തുവെന്ന ഒറ്റയാളുടെ കയ്യിലായിരുന്നു.
സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നു പറയുമ്പോഴും ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യമാദ്യം പണം അടയ്ക്കുന്നവർക്ക് പിന്നീടുള്ളവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി നൽകുകയായിരുന്നു. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്. നേരത്തെയും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു. മുൻപ് 4 ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
അനന്തു വീഴ്ത്തിയത് ‘പാതിവില’യെന്ന ഓഫറിൽ
‘പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ്’ എന്ന ഓഫറിലാണ് അനന്തു പലരേയും വീഴ്ത്തിയത്. ഇടത്തരക്കാരെ വെട്ടിലാക്കാൻ ഈ ഓഫർ ധാരാളമായിരുന്നു. ഇതോടു കൂടി അനന്തുവിന്റെ ചൂണ്ടയിൽ പലരും കൊത്തി. ഇരകൾ ചൂണ്ടയിൽ നിന്നു വിട്ടുപോകാതിരിക്കാൻ മന്ത്രിമാരും എംഎൽഎമാരും എന്തിനേറെ പ്രധാമന്ത്രിയെ പോലും ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് മുറുക്കി
പദ്ധതിയുടെ തുടക്കക്കിൽ വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് ആധികാരികതയുടെ പരിവേഷമുണ്ടായി. പദ്ധതിക്കു തുടക്കത്തിൽ ലഭിച്ച ജനപ്രീതി ഇതു ‘സ്വന്തം’ പരിപാടിപോലെ ഏറ്റെടുക്കാൻ നേതാക്കളെ പ്രേരിപ്പിച്ചു. രണ്ടാംഘട്ട തട്ടിപ്പിന് അനന്തുവിനു വേണ്ടതും ഇതുതന്നെയായിരുന്നു.
പിന്നീട് ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആൻഡ് ഡവലപ്മെന്റൽ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഇതിൻരെ ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചു. ആദ്യം സ്ത്രീകൾക്ക് ഇരുചക്ര വാഹനം നൽകുക മാത്രമാണ് ചെയ്തത്. പിന്നീട് ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു.
ഇതിനിടയിൽ നാഷനൽ കോൺഫെഡറേഷൻ ഓഫ് എൻജിഒയുടെ ദേശീയ അധ്യക്ഷനായി അനന്തു സ്വയംകയറിയിരുന്നു. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്ററുകളും ബോർഡുകളും നാടുമുഴുവൻ പ്രചരിച്ചു. എന്തിനേറെ മുൻ പ്രാധാമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തിൽ പങ്കെടുത്ത് അന്ത്യോപചാരമർപ്പിക്കുന്ന ചിത്രം വരെ ഇതിനായി അനന്തു സൃഷ്ടിച്ചു.
വിശ്വാസ്യത നേടാൻ വിവിധ എൻജിഓകൾ
പിന്നീടങ്ങോട്ട് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ എൻജിഒകൾ തുടങ്ങിയോടെ തട്ടിപ്പിനു ഒരു ദേശീയ സ്വഭാവം കൈവന്നു. . സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്മെന്റൽ സ്റ്റഡീസ് എന്ന പേരിലുള്ള എൻജിഒക്കു കീഴിൽ മാത്രം 62 സൊസൈറ്റികൾ ആരംഭിച്ചു. ഒരുഘട്ടത്തിൽ കേരളത്തിലെ ജനങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘പാതിവില’ പദ്ധതിയാണ് ഇതെന്നുവരെ രഹസ്യമായി പറഞ്ഞു.
ആദ്യമൊക്കെ പണം വാങ്ങി ഒരു മാസത്തിനകം ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലിയ പ്രചാരണം നൽകിയാണ് സംഘടിപ്പിച്ചത്. എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെല്ലാം ചടങ്ങുകളിൽ പങ്കെടുത്തു. സ്ത്രീകൾക്ക് 50% വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചതു കേന്ദ്രമന്ത്രിയും കർണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ശോഭ കരന്തലാജെയായിരുന്നു. 2024 മാർച്ച് 6ന് എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിലാണു ശോഭ പദ്ധതി ഉദ്ഘാടനം ചെയ്തത്.
തട്ടിപ്പിനെച്ചൊല്ലിയുള്ള പരാതികളിൽ ആരോപണവിധേയനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടനയായ ‘സൈൻ’ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ് നേഷൻ) സംഘടിപ്പിച്ച ഈ പരിപാടിയിൽ അനന്തു കൃഷ്ണനും സജീവമായി ഉണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ ഉൽപന്നങ്ങൾ ലഭിച്ചവരെ രണ്ടും മൂന്നും ഘട്ടത്തിൽ വലിയ പ്രചാരകരാക്കി മാറ്റി. ഇതോടെ മണിചെയിൻ മാതൃകയിൽ പദ്ധതി വിപുലമായി.ഇതോടെ പ്രാദേശിക സ്വാധീനവും ബന്ധുബലവുമുള്ളവരെ തേടിപ്പിടിച്ച് അവർക്ക് കമ്മിഷൻ വാഗ്ദാനം ചെയ്ത് അവരുടെ അടുപ്പക്കാരിലൂടെ കൂടുതൽ പണം തട്ടാൻ തുടങ്ങി. ഇതോടെ ഒന്നാംഘട്ടത്തിന്റെ പത്തിരട്ടി വരെ പണം അനന്തു കൃഷ്ണൻ സ്വരൂപിച്ചു.
ഇരുചക്ര വാഹന വിതരണ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയുടെ ചിത്രവും
ഇരുചക്ര വാഹനങ്ങളുടെ വിതരണം വലിയ ആഘോഷമായാണ് അനന്തു സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചു. അതോടൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ വെറും ചിത്രങ്ങൾ മാത്രമായി ഒതുങ്ങി, അനന്തു സാധാരണക്കാരുടെയിടയിൽ വലിയ സംഭവമായി മാറുകയും ചെയ്തു.
തട്ടിപ്പ് ആദ്യം മനസിലാക്കിയത് സ്പെഷ്യൽ ബ്രാഞ്ച്
അനന്തു കൃഷ്ണന്റെ തട്ടിപ്പ് ആദ്യം മനസിലാക്കിയത് സ്പെഷ്യൽ ബ്രാഞ്ച് ആയിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും തുടർനടപടിയുണ്ടായില്ല. 2022 ലും 2024 ലുമായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അനന്തുവിനെ വിശ്വാസമായിരുന്നു സംസ്ഥാന പോലീസിന്. കാരണം പോലീസിനേയും തന്റെ തട്ടിപ്പിൽ അനന്തു ഉൾപെടുത്തിയിരുന്നു. ചാരിറ്റിയുടെ പേരിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ അതിന്റെ വിതരണോദ്ഘാടനം നടത്തിയത് പോലീസ് ഓഫിസേഴ്സായിരുന്നു.
പരാതി പ്രളയം
എറണാകുളം ജില്ലയിൽ മൊത്തം 596 പരാതികളാണ് ഇതുവരെ ലഭിച്ചത്. കോതമംഗലം (3), മൂവാറ്റുപുഴ (4), പോത്താനിക്കാട് (2) വാഴക്കുളം (2), പറവൂർ (1) വീതം കേസുകൾ റജിസ്റ്റർ ചെയ്തു. ആലപ്പുഴ ജില്ലയിൽ 513 പരാതികൾ ലഭിച്ചെന്നുംഇതിൽ 6 കേസെടുത്തെന്നുമാണ് വിശദീകരണം.
കോട്ടയം ജില്ലയിൽ 200 പരാതികൾ ലഭിച്ചു. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട മേഖലയിൽ നിന്നു മാത്രം ആയിരത്തിലധികം പേരിൽ നിന്നു പണം പിരിച്ചു. ഇടുക്കി ജില്ലയിൽ 400 ൽ അധികം പരാതികൾ ലഭിച്ചു. 11 കേസ് റജിസ്റ്റർ ചെയ്തു. ജില്ലയിൽ രണ്ടായിരത്തിലേറെപേർ തട്ടിപ്പിനിരയായിട്ടുണ്ടെനാണു നിഗമനം.
പാലക്കാട് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 120 പരാതികൾ ലഭിച്ചു. കേസെടുത്തിട്ടില്ല. മലപ്പുറം ജില്ലയിൽ നാനൂറിലേറെ പേർ തട്ടിപ്പിനിരയായെന്നാണു നിഗമനം. നിലമ്പൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലായി 20 പരാതികളാണു ലഭിച്ചത്. പെരുമ്പടപ്പ് മേഖലയിൽ മാത്രം 400 പേർക്കു പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
കോഴിക്കോട് ബിലാത്തിക്കുളം അവെയർ എൻജിഒ സൊസൈറ്റി നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. ഗുണഭോക്തൃ വിഹിതമായി 72.58 ലക്ഷം രൂപ അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറുകൾ നൽകിയില്ല എന്നു പരാതിയിൽ പറയുന്നു. 98 പേരാണ് ഈ സംഘത്തിന്റെ മാത്രം ഗുണഭോക്താക്കൾ. 13 പേർ പരാതിയുമായി എത്തിയെങ്കിലും എല്ലാം ഒറ്റ കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട്ടിൽ 1006 പരാതിക്കാരുണ്ടെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല. പദ്ധതി നടത്തിപ്പിൽ സംശയം പ്രകടിപ്പിച്ചും അക്ഷയയുടെ പേരു ദുരുപയോഗം ചെയ്യുന്നതിൽ അന്വേഷണമാവശ്യപ്പെട്ടും സിഐടിയു അഫിലിയേഷനിലുള്ള അക്ഷയസംരംഭകർ 3 മാസം മുൻപു കലക്ടർക്കു പരാതി നൽകിയിരുന്നു.
കണ്ണൂർ ജില്ലയിൽ മാത്രം 2500 പരാതിയാണു ലഭിച്ചത്. കണ്ണൂർ ബ്ലോക്കിൽ മാത്രം 494 പേരിൽ നിന്ന് 3 കോടിയോളം രൂപയാണു തട്ടിയെടുത്തത്. കണ്ണൂർ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം, ചെങ്ങളായി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്.
ജയിലിൽ കിടന്നും ഓഫർ
ഇതേ സമയം അറസ്റ്റിലായ ശേഷവും അനന്തു ഓഫർ തുടരുകയാണെന്നാണ് വിവരം. ഇനി ആരും പരാതികൊടുക്കരുതെന്നും താൻ പുറത്തിറങ്ങിയാലുടൻ സ്കൂട്ടർ വിതരണം ചെയ്യുമെന്നുമാണ് ഓഫർ. പരാതികൾ കൂടിയാൽ തനിക്ക് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും പരാതിയിൽ പറയുന്നു.
കിട്ടിയ തുകൾകൊണ്ട് വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ
1000 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ അനന്തു പിരിച്ചതായാണ് വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. തൊടുപുഴ കോളപ്രയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്.
സെൻറിന് ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും പ്രതി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇയാളുടെ കോളപ്രയിലെ വീട് പൂട്ടിയ നിലയിലാണ്. നാട്ടിൽ പൊതു സമ്മതനായിരുന്നെന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അയൽവാസികൾ പറയുന്നു. അതുപോലെ ടർഫ് കോർട്ട് വാങ്ങാനും അനന്തുവിന് പദ്ധതിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രതികരണങ്ങൾ
അനന്തു കൃഷ്ണൻ ബലിയാടാണ്. അഭിഭാഷകയെന്ന നിലയിൽ ഫീസ് വാങ്ങി നിയമോപദേശം നൽകുകയും കരാറുകൾ ഡ്രാഫ്റ്റാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ എന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണ്.പ്രബലരായ ആരെല്ലാമോ പിന്നിലുണ്ട്. അനന്തു എനിക്കു മകനെ പോലെയാണ്.-ലാലി വിൻസന്റ് കോൺഗ്രസ് നേതാവ്
∙അനന്തു കൃഷ്ണനുമായോ സ്ഥാപനവുമായോ ബന്ധമില്ല. ഇതു സംബന്ധിച്ച് ആരെയും പരിചയപ്പെടുത്തിയിട്ടില്ല. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലരും ഒപ്പം നിന്നു ഫോട്ടോയെടുക്കാറുണ്ട്. അത്തരത്തിൽ എടുത്ത ഫോട്ടോകൾ ഉണ്ടാകാം.-ജെ.പ്രമീളാദേവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
‘∙സൈൻ’ നടത്തിയ എല്ലാ നടപടികളും സുതാര്യമാണ്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. അനന്തു കൃഷ്ണനിൽനിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല. ബുക്ക് ചെയ്തവർക്ക് ഇരുചക്രവാഹനങ്ങൾ നൽകിവരികയാണിപ്പോൾ.- എഎൻ രാധാകൃഷ്ണൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
∙നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ ചെയർമാനായിരുന്നെങ്കിലും കഴിഞ്ഞ 10 മാസത്തോളമായി അതുമായി എനിക്ക് ഒരു ബന്ധവുമില്ല. ഞാൻ ഭാരവാഹിത്വത്തിലുണ്ടായിരുന്നപ്പോൾ കോൺഫെഡറേഷൻ ഒരു രൂപപോലും ഇത്തരത്തിൽ ആരിൽനിന്നും വാങ്ങിയിട്ടില്ല. ഇതെല്ലാം നടത്തുന്നത് അനന്തു കൃഷ്ണന്റെ 4 സ്വകാര്യ കമ്പനികൾ വഴിയാണ്. അനുവാദമില്ലാതെയാണ് എന്റെ ചിത്രങ്ങൾ ഫ്ലെക്സുകളിൽ ഉപയോഗിച്ചത്.-കെഎൻ ആനന്ദകുമാർ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സി. ഡയറക്ടർ