ആലപ്പുഴ: വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സംഘത്തിന്റെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചേരാവള്ളി നോർത്ത് 26-ാം വാർഡ് അംഗം ആലുംമൂട്ടിൽ വീട്ടിൽ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ(65)യാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. സ്വതന്ത്രനായി ജയിച്ച നുജുമുദ്ദീൻ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചൊല്ലി കൗൺസിലറായി ചുമതലയേറ്റത്. പിറ്റേന്നു തന്നെ കൗൺസിലർ തട്ടിപ്പുകേസിൽ അറസ്റ്റിലാവുകയായിരുന്നു.
കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി (എ-1091)യുടെ ചാരുംമൂട് ശാഖയിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. 2020 മുതൽ 24 വരെ സൊസൈറ്റി പ്രസിഡന്റായിരുന്നു നുജുമുദ്ദീൻ. സഹകരണ വകുപ്പു നടത്തിയ പരിശോധനയിൽ ഈ കാലയളവിൽ 6,18,68,346 രൂപയുടെ നഷ്ടം സൊസൈറ്റിക്ക് ഉണ്ടാക്കിയതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കും കൂട്ടുപ്രതികൾക്കുമെതിരേ ഏഴു കേസുകളാണെടുത്തിരിക്കുന്നത്.
അതേസമയം കായംകുളത്തും ചാരുംമൂട്ടിലും സ്വർണക്കട നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തിൽ സൊസൈറ്റിക്കു വേണ്ടി മാവേലിക്കര താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ചിട്ടിയും തുടങ്ങി. പിന്നീട്, പൊതുജനങ്ങളിൽനിന്നും നിക്ഷേപം സ്വീകരിച്ചു. വൻ പലിശ വാഗ്ദാനംചെയ്തായിരുന്നു ഇത്.
പിന്നീട് നിക്ഷേപകർ ആവശ്യപ്പെട്ടപ്പോൾ പലിശയുമില്ല, ചിട്ടിപ്പണവുമില്ല. ഇതോടെ, 2024 അവസാനം മുതൽ നിക്ഷേപകരും ചിട്ടിയിൽ ചേർന്നവരും പ്രതിഷേധത്തിലായിരുന്നു. പണം ചോദിച്ചവരെ ഭീഷണിപ്പെടുത്തിയതോടെയാണ് നാട്ടുകാർ പോലീസിൽ പരാതി നൽകിയത്.
നൂറനാട് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളുടെ അന്വേഷണത്തിനായി ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. നൂറനാട് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐ.മാരായ കെ. അജിത്, ബി. രാജേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ വി. ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വിവരമറിഞ്ഞ് തട്ടിപ്പിനിരയായ ഒട്ടേറെപ്പേർ നൂറനാട് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































