തൃശൂർ: മുണ്ടുമുറുക്കിയുടുത്ത് രാപകലില്ലാതെ പണിയെടുത്ത് നിക്ഷേപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ സഹകരണ സംഘം പറ്റിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആ പറ്റിക്കപ്പെട്ട തുക തിരിച്ചുവാങ്ങി നൽകാമെന്നേറ്റ എംപി സുരേഷ് ഗോപിയും ഒടുവിൽ വാക്കുമാറി പറ്റിച്ചു, ഞാൻ എന്താ ചെയ്യേണ്ടത്. മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നുവെന്ന് വയോധികയായ ആനന്ദവല്ലി.
താൻ ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്നു പറയുമ്പോൾ അവർ ആ മന്ത്രിയിലുള്ള വിശ്വാസത്തിന്റെ പുറത്തായിരിക്കില്ലേ അവിടെ ആ പൊതുസമൂഹത്തിനു മുന്നിൽ സഹായിക്കുമോയെന്ന് ചോദിച്ച് ചെന്നത്. എന്നാൽ കിട്ടിയതോ കടുത്ത അവഹേളനവും. വീട്ടിൽ നിന്നു എടുത്തുതരുമോയെന്ന് ചോദിച്ചല്ല ആനന്ദവല്ലിയും കൊച്ചുവേലായുധമെന്നും എംപിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാൻ വന്നപ്പോൾ പറഞ്ഞിരുന്നു കരുവന്നൂരിലെ പണം വാങ്ങി നൽകുമെന്ന് എന്ന് അവർ പറയുമ്പോൾ കൊടുത്ത വാക്കിനെങ്കിലും അൽപം നെറി കാണിക്കണ്ടേ? അതല്ലെങ്കിൽ മാന്യമായി പറഞ്ഞുവിടണ്ടേ… അതിനു പകരം നിങ്ങൾ പോയി മുഖ്യമന്ത്രിയോട് ചോദിക്കുവെന്ന മാടമ്പി രാഷ്ട്രീയമാണോ പാവപ്പെട്ടവനു മുന്നിൽ പുറത്തെടുക്കേണ്ടത്.
കൊടുത്ത വാക്കിൽ വിശ്വസിച്ചാണ് അവിടെ ചെന്നത്. എന്നാൽമറുപടി കേട്ടപ്പോൾ വലിയ സങ്കടമായെന്നു ആനന്ദവല്ലി പറയുന്നു. നിഷ്കളങ്കരായ, നിരായുധരായ പാവപ്പെട്ടവന്റെ വാക്കുകൾ. ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സഹകരണ സംഘത്തിൽ നിന്ന് ആനന്ദവല്ലിക്കു കിട്ടാനുള്ളത്. സഹകരണ സംഘക്കാർ പറ്റിച്ച പണമാണെന്നും ആനന്ദവല്ലി പറഞ്ഞു. ചികിത്സാ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് താനിപ്പോഴെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആനന്ദവല്ലി മാധ്യമങ്ങളോട് പ്രതികരിച്ചത്..
മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു. ചെറുപ്പം തൊട്ടേ സിനിമയിലൊക്കെ കണ്ട് വന്ന ആളായിരുന്നു സുരേഷ് ഗോപി. ആ പ്രതീക്ഷയിലാണ് ഇന്നലെ പോയി കണ്ടത്. മുഖ്യമന്ത്രിയെ പോയി കാണാനൊക്കെ പറഞ്ഞപ്പോൾ താൻ എവിടെ പോയി കാണാനാണെന്നും ആനന്ദവല്ലി ചോദിക്കുന്നു.
ഇന്നലെ ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെയാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുമോയെന്ന് വയോധികയായ ആനന്ദവല്ലി ചോദിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് എടുത്തപടി മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. എന്നാൽ, മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.
എന്നാൽ നിഷ്കളങ്കമായി ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്നായിരുന്നു വയോധികയുടെ ചോദ്യം. ‘അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊച്ചു വേലായുധന് വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടർ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചത്. സിപിഎം പാർട്ടി സെക്രട്ടറിമാർ ഇറങ്ങി കരുവന്നൂരിൽ കൗണ്ടർ തുടങ്ങണം. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലെയെന്നും കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞിരുന്നു. അതെല്ലാം കൂടി കൂട്ടി വായിച്ചായിരിക്കും എംപിയെ കാണാൻ ആ വയോധിക എത്തിയത്. എന്നാൽ വാക്കാൽ പറഞ്ഞത് പ്രവൃത്തിയിൽ കാണിക്കാൻ എംപി മറന്നുപോയി.