കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. തന്റെ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ എന്നാണ് കലാധരൻ കുറിപ്പിൽ പറയുന്നത്. തന്നെ ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്.
ഈ പറഞ്ഞതിനെല്ലാം തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പോലും പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം ആത്മഹത്യക്കുറിപ്പിൽ വരച്ചുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി വടക്കുമ്പാട് കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ആദ്യം കുട്ടികളുടെ പോസ്റ്റ്മോർട്ടമാണ് പൂർത്തിയാക്കിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികളുടെ മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ച് അമ്മയെ കാണിച്ചു. രാമന്തളി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നാല് മൃതദേഹങ്ങളും പൊതു ദർശനത്തിന് വച്ചശേഷം സംസ്കരിച്ചു
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു. പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് 4 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു. മുറിയിലെ മേശയിൽ കീടനാശിനിയുടെ കുപ്പിയും മറ്റൊരു കുപ്പിയിൽ പാലും പോലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയ ശേഷം കലാധരനും ഉഷയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം.



















































