തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് മേൽ ചുമത്തപ്പെട്ടിരിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങൾ. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനുമൊപ്പം വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമാണത്തെ സംബന്ധിച്ച വിവിധ വകുപ്പുകൾ എന്നിവയാണ് തന്ത്രിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി നടത്തിയ വിശ്വാസവഞ്ചന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമാണവും ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ ഇതിനോടകം എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കൊള്ള കേസു കൂടാതെ ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതിയായേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളിൽ നിന്നും ലഭ്യമാകുന്ന സൂചന. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ നൽകും.
സ്വർണക്കൊള്ള കേസിന്റെ ആദ്യഘട്ടചോദ്യം ചെയ്യലിനായി ചില വിവരങ്ങൾ അറിയാനെന്ന വിധത്തിൽ അന്വേഷണസംഘം വിളിച്ചു വരുത്തിയപ്പോൾ തനിക്ക് ഈ കുറ്റകൃത്യത്തിൽ യാതൊരു ബന്ധവുമില്ലെന്ന മറുപടിയാണ് തന്ത്രി നൽകിയത്. അന്ന്ഒ രു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കാതെ ആയിരുന്നു ഇടപെടൽ. എന്നാൽ, കാര്യങ്ങൾ ഏകദേശം ഉറപ്പിച്ച ശേഷമാണ് അന്വേഷണസംഘം വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചത്.ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് വെള്ളിയാഴ്ചയും തന്ത്രി അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്. തന്ത്രിയ്ക്കൊപ്പം സഹായി നാരായണൻ നമ്പൂതിരിയുമുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉൾപ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.















































