35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന തമിഴകത്തെ ഏറ്റവും ഹൈപ്പുള്ള സിനിമകളിലൊന്നാണ് തഗ് ലൈഫ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളൊക്കെ അണിയറപ്രവർത്തകർ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സംഭവം വേറൊന്നുമല്ല തഗ് ലൈഫ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു കമൽ ഹാസൻ തന്റെ പ്രിയപ്പെട്ട കേരളത്തിലെ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട കേരള ഭക്ഷണം ഏതാണെന്നായിരുന്നു കമൽ ഹാസനോടുള്ള ചോദ്യം. “ഞാൻ കേരളത്തിൽ കൊച്ചിയിലേക്ക് വന്നാൽ, രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കരിമീൻ, ഉച്ചയ്ക്ക് കരിമീൻ മോളി, രാത്രിയിൽ കരിമീൻ പൊള്ളിച്ചത്. ഞാനൊരു കരിമീൻ ഫാൻ ആണ്. അത് വേറെ എവിടെയും കിട്ടില്ല.
അതുപോലെ കമ്മ്യൂണിസം വേണമെങ്കിൽ കേരളത്തിലേക്ക് പോണം, കരിമീൻ വേണമെങ്കിലും കേരളത്തിലേക്ക് പോണം. ഒന്നുകിൽ കേരളത്തിലേക്ക് പോണം, അല്ലെങ്കിൽ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീൻ കിട്ടും. റഷ്യയിലും കരിമീൻ കിട്ടും. കരിമീനും കമ്മ്യൂണിസത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. പക്ഷെ ക്യൂബയിൽ കരിമീൻ കിട്ടില്ല. ലോകത്തിൽ രണ്ടിടത്തേ കരിമീൻ കിട്ടുകയുള്ളൂ”.- കമൽ ഹാസൻ പറഞ്ഞു.
അതേസമയം നിരവധി പേരാണ് കമൽ ഹാസന്റെ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ജൂൺ 5 നാണ് തഗ് ലൈഫ് റിലീസിനെത്തുക. കമൽ ഹാസനെക്കൂടാതെ ചിമ്പു, ജോജു ജോർജ്, അലി ഫസൽ, തൃഷ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാന്യ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്. എആർ റഹ്മാന്റേതാണ് സംഗീതം. കമൽ ഫിലിം ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.