കണ്ണൂർ: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ ടൂറിസം വകുപ്പ് കേരളത്തിലേക്കു കൊണ്ടുവന്നത് എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ശേഷമാണെന്ന് ആരോപിച്ച് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
‘‘ജ്യോതി മൽഹോത്ര ഒരു വർഷമായി നടത്തി വന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ ആകൃഷ്ടനായാണ് മുഹമ്മദ് റിയാസിന്റെ വകുപ്പ് അവരെ ക്ഷണിച്ചുവരുത്തിയത്. പാക്കിസ്ഥാന് അനുകൂലമായി വലിയ തോതിൽ ജ്യോതി മൽഹോത്ര പ്രചാരണം നടത്തിവരികയായിരുന്നു. ഇവർ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട വ്യക്തയാണെന്ന് മുഹമ്മദ് റിയാസിനും സംഘത്തിനും മനസ്സിലായി. അതുകൊണ്ട് ജ്യോതി മൽഹോത്രയെ ടൂറിസം പ്രമോട്ട് ചെയ്യാൻ വിളിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. ഇതാണ് സത്യമെന്നിരിക്കെ മന്ത്രി അക്കാര്യത്തിൽ രോഷാകുലനായിട്ട് കാര്യമില്ല. ജ്യോതി നടത്തിയ പ്രചാരണങ്ങളെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് എൽഡിഎഫുകാർ പറഞ്ഞുകൊണ്ടിരുന്നത്.
പൊതുജനാരോഗ്യം തകർത്ത് സ്വകാര്യമേഖലയ്ക്കു വേണ്ടി നിലകൊള്ളുന്ന സർക്കാർ നിലപാടിനെതിരെയാണു പോരാട്ടം നടത്തുന്നത്. വീണ എന്ന് പറയുമ്പോഴേക്കും സിപിഎമ്മുകാർക്ക് ഭ്രാന്തിളകുകയാണ്. സമരങ്ങളെ തെരുവിൽ നേരിടാൻ ഡിവൈഎഫ്ഐ രണ്ടു ജന്മം ജനിക്കണം. തെരുവിൽ നേരിടാൻ വന്നാൽ തിരിഞ്ഞുനോക്കാൻ ആളുണ്ടാകില്ല. അത്തരം ഭീഷണിയൊന്നും വേണ്ട’’ – സുരേന്ദ്രൻ പറഞ്ഞു.