കണ്ണൂർ: പിവി അൻവർ യുഡിഎഫിലേക്കു വരുന്നതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഒറ്റയ്ക്കു തീരുമാനിക്കേണ്ട സംഭവമല്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. അൻവർ വേണ്ട എന്നു പറഞ്ഞ് ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ പ്രവർത്തനത്തെ മരവിപ്പിക്കാനുള്ള ശ്രമമുണ്ടാകും. അൻവറിനെ യുഡിഎഫിൽ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരൻ പറഞ്ഞു.
‘‘അൻവറിനെ യുഡിഎഫിലെടുക്കുന്നത് വിഡി സതീശൻ ഒറ്റയ്ക്കെടുക്കേണ്ട തീരുമാനമല്ല. പാർട്ടിയുടെ നേതാക്കൻമാർ ചർച്ച നടത്തി അക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ ഇക്കാര്യം ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തി രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. മുസ്‌ലിം ലീഗിന് അൻവറിനെ കൊണ്ടുവരണമെന്നുണ്ട്. അൻവറിനെ നേരിൽ കണ്ട് യുഡിഎഫിലേക്കു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ വികാരം കൂടി ഉൾകൊള്ളണം. തീരുമാനം എടുക്കാൻ എനിക്കിപ്പോൾ സാധിക്കില്ല. എന്റെ കിരീടവും തൊപ്പിയുമെല്ലാം പോയില്ലേ.
കൂടാതെ അൻവർ ഞങ്ങളുടെ പാർട്ടിക്കാരനല്ലാത്തതിനാൽ ഷൗക്കത്തിനെതിരെ പറഞ്ഞത് സ്വാഭാവികം. ഷൗക്കത്തിനെതിരെ പ്രവർത്തിക്കുന്നയാൾക്കു മുന്നണിയിൽ നിൽക്കാൻ സാധിക്കില്ല. മുന്നണിയിലേക്കു വരുന്നയാൾ തീരുമാനം മാറ്റണം. അതുപോലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അൻവർ രൂക്ഷമായി പറഞ്ഞപ്പോഴുണ്ടായ പ്രതികരണങ്ങളാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. അവൻവറിനു പിന്നിൽ ആളുകളുണ്ട്. അതു നിർണായക ശക്തിയാണ്. അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ നിലമ്പൂരിൽ യുഡിഎഫിനു തിരിച്ചടിയായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മുന്നണിയുണ്ടാക്കിയിട്ട് കാര്യമില്ല- സുധാകരൻ പറഞ്ഞു.
അതേസമയം യുഡിഎഫിലേക്ക് വരണമോ വേണ്ടയോയെന്ന് അൻവറിനു തീരുമാനിക്കാമെന്നായിരുന്നു വിഡി സതീശന്റെ തീരുമാനം. ഇക്കാര്യം താൻ ഇന്നലെത്തന്നെ അൻവറിനെ അറിയിച്ചെന്നും തന്റെ തീരുമാനം രണ്ടുവാക്കിലൊതുക്കിയെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു.