ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി, ദൃഢനിശ്ചയം, ജീവിതത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ പഠിച്ച രീതി എന്നിവയെക്കുറിച്ച് അവർക്ക് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് പ്രകോപനങ്ങൾ തുടരുന്നതിനിടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ചെനാബ് നദിയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ഇന്ത്യ കുറച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദിയിലെയും പോഷക നദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജമ്മു റമ്പാനിലെ ബഗ്‌ലിഹർ ഡാമിന്റെ ഷട്ടറുകൾ താഴ്ത്തിയത്.
കരാർ മരവിപ്പിച്ചതിനു പിന്നാലെ ഇതാദ്യമായാണു കേന്ദ്ര സർക്കാരിന്റെ നീക്കം. ഹ്രസ്വകാലത്തേക്കാണു നടപടിയെന്നാണു വിശദീകരണം.ഝലം നദിയിലെ കിഷൻഗംഗ ഡാമിന്റെ ഷട്ടറുകളും വൈകാതെ താഴ്ത്തുമെന്നാണ് അറിയുന്നത്.