ദുബായ്: ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ പോരാട്ടത്തിനിടെ മഴ പെയ്താൽ എന്തു ചെയ്യും? ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലന്‍ഡ് ഫൈനൽ നടക്കേണ്ടത്. ദുബായിൽ ഞായറാഴ്ച മഴ പെയ്യില്ലെന്നാണു കാലാവസ്ഥാ പ്രവചനങ്ങൾ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങുന്നതിനും കുറച്ചു ദിവസങ്ങൾക്കു മുൻപാണു ദുബായിൽ ഒടുവിൽ മഴ പെയ്തത്.
ദുബായിൽ ഇനി ഞായറാഴ്ച മഴ പെയ്താലും ഫൈനൽ മത്സരത്തിനു റിസര്‍വ് ദിനമുണ്ട്. ഞായറാഴ്ച മത്സരത്തിനിടെ മഴയെത്തിയാൽ, കളി നിർത്തിവച്ച ഇടത്തുനിന്ന് തൊട്ടടുത്ത ദിവസത്തെ കളി തുടങ്ങും. ആ ദിവസവും മഴ പെയ്തു കളി മുടങ്ങിയാൽ മാത്രം രണ്ടു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മഴ കാരണം ചാംപ്യൻസ് ട്രോഫിയിലെ മൂന്നു മത്സരങ്ങളാണ് ഇതുവരെ ഉപേക്ഷിച്ചത്. പക്ഷേ അതു മൂന്നും പാക്കിസ്ഥാനിലായിരുന്നു.
ടൂര്‍ണമെന്റിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ്, ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക പോരാട്ടങ്ങൾ ഒരു പന്തുപോലും എറിയാൻ സാധിക്കാതെയാണ് ഉപേക്ഷിച്ചത്. അഫ്ഗാനിസ്ഥാൻ– ഓസ്ട്രേലിയ മത്സരം കളിക്കിടെ മഴ പെയ്തതോടെ ഉപേക്ഷിച്ചു. ചാംപ്യന്‍സ് ട്രോഫി മത്സരം ടൈ ആയാൽ, സൂപ്പർ ഓവർ നടത്തിയാണു വിജയികളെ തീരുമാനിക്കുന്നത്. ആദ്യ സൂപ്പർ ഓവർ ടൈ ആയാൽ വിജയികളെ തീരുമാനിക്കുന്നതു വരെ സൂപ്പർ ഓവറുകൾ തുടർന്നുകൊണ്ടിരിക്കും.
Champions Trophy, India vs Newzealand Final Match, Weather Report
Champions Trophy Cricket 2025 Indian Cricket Team New Zealand Cricket Team Board of Cricket Control in India (BCCI)