ബെംഗളൂരു: കർണാടകയിൽ ഇസ്രയേൽ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കനാലിൽ തള്ളിയിട്ടയാൾ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്. ബിബാഷ് ഉൾപ്പെടെ മൂന്ന് പേരെ കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രയേൽ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
പ്രതികൾ കനാലിൽ തള്ളിയിട്ട അമേരിക്കയിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്രക്കാരനായ പങ്കജ് എന്നിവർ കനാലിൽനിന്ന് നീന്തി രക്ഷപ്പെട്ടെങ്കിലും ബിബാഷ് മുങ്ങിപ്പോകുകയായിരുന്നു. തിരച്ചിലിനൊടുവിൽ ശനിയാഴ്ച്ച രാവിലെയാണ് ബിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് 350 കിലോമീറ്റർ അകലേയുള്ള കൊപ്പലിലാണ് സംഭവം. കൊപ്പലിലെ കനാലിന് അടുത്ത് രാത്രി 11.30-ന് നക്ഷത്ര നിരീക്ഷണത്തിന് എത്തിയതായിരുന്നു നാല് ടൂറിസ്റ്റുകളും ഹോം സ്‌റ്റേ ഉടമസ്ഥയും. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പൽ പോലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി വ്യക്തമാക്കി.
അത്താഴത്തിനുശേഷം താനും നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ പ്രതികൾ ബൈക്കിലെത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 29-കാരിയായ ഹോം സ്റ്റേ ഉടമ നൽകിയ പരാതിയിൽ പറയുന്നത്. പെട്രോൾ എവിടെ കിട്ടുമെന്ന് ആദ്യം അന്വേഷിച്ച അവർ പിന്നീട് അവർ വിനോദ സഞ്ചാരികളിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അവർ ബൈക്കിൽതന്നെ രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം ഇസ്രയേൽ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.