ഷില്ലോംഗ്: സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവരവ് മനോഹരമാക്കിയ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള റിഎൻട്രി. ഇന്ത്യയ്ക്ക് വേണ്ടി രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാക്കോ, സുനിൽ ഛേത്രി എന്നിവരാണ് ഗോൾ നേടിയത്. മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യ നേടിയ മൂന്ന് ഗോളുകളും ഹെഡറുകളിലൂടെയാണ് പിറന്നത് എന്നത് കൗതുകമായി.
34ാം മിനിറ്റിൽ രാഹുൽ ബെക്കെയുടെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്ന സ്‌കോറിൽ ഇന്ത്യ മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 66ാം മിനിറ്റിൽ ഇതിന് ഫലവും കണ്ടു. ലിസ്റ്റൻ കൊളാക്കോയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് ഉയർത്തി (2-0). പിന്നീട് 76ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടി തന്റെ തിരിച്ചുവരവ് വെറുതെയല്ലെന്നു കാണിച്ചുകൊടുത്തു.
ഇന്ത്യൻ ടീം നായകനായിരുന്ന സുനിൽ ഛേത്രി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നു. എന്നാൽ, പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം എന്നത് ഛേത്രിയുടെ തിരിച്ചുവരവിന് കൂടുതൽ തിളക്കം നൽകുകയും ചെയ്തു.