നോർത്താംപ്ടൻ: മുൻപ് ഇന്ത്യൻ ടീമിൽ കളിക്കാൻ വീരേന്ദ്ര സേവാഗെന്ന ഒറ്റയാനുണ്ടായിരുന്നപ്പോൾ കളി കാണാൻതന്നെ നല്ലൊരു ചേലായിരുന്നു… നെഞ്ചിടിപ്പ് ആരാധകരുടെ നെഞ്ചിടിപ്പ് ഒരോ നിമിഷവും അതിന്റെ മൂർദ്ധന്യത്തിലെത്തിക്കുന്ന കൂറ്റനടികൾ. ഇനി അതിനൊരു പകരക്കാരൻ എത്തുകയാണെന്നു തോന്നും വൈഭവ് സൂര്യവംശിയെന്ന 14 കാരനെ കാണുമ്പോൾ. ഐപിഎല്ലിൽ തുടങ്ങിയ വൈഭവിന‍്റെ തേരോട്ടം ഇംഗ്ലിഷ് മണ്ണിൽ കൂടുതൽ കരുത്താർജിക്കുകയാണ്.
ബോളർമാരെ കണ്ടാൽ ചെക്കന് ഹാലിളകും എന്നാണ് ഇപ്പോഴുള്ള അവസ്ഥ. ഇംഗ്ലണ്ട് യുവനിരയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനം ഒരിക്കൽ കൂടി പുറത്തെടുത്ത മത്സരത്തിൽ, ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ യുവനിരയ്ക്ക് വിജയം. മഴമൂലം 40 ഓവറാക്കി ചുരുക്കിയ യൂത്ത് ഏകദിനത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19 ടീം നിശ്ചിത 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 268 റൺസ്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വൈഭവ് അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെ ഇന്ത്യ 33 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. 31 പന്തിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിന്നു പിറന്നത് ആറു ഫോറും ഒൻപതു പടുകൂറ്റൻ സിക്സറുകളും സഹിതം 86 റൺസ്.
ഓപ്പണറായി ഇറങ്ങിയപ്പോൾ മുതൽ വൈഭവ് തന്റെ സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു. എട്ടാം ഓവറിലെ അവസാന പന്തിൽ വൈഭവ് പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 111ൽ എത്തിയിരുന്നു. അതേസമയം വെറും 48 പന്തിലാണ് ഇന്ത്യ 111 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ കൂടിയായ അഭിഗ്യാൻ കുണ്ഡുവിനൊപ്പം 24 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത വൈഭവ്, രണ്ടാം വിക്കറ്റിൽ വിഹാൻ മൽഹോത്രയ്‌ക്കൊപ്പം 24 പന്തിൽ കൂട്ടിച്ചേർത്തത് 73 റൺസ്. അലക്സാണ്ടർ വെയ്ഡിനെതിരെ തുടർച്ചയായ നാലാം ബൗണ്ടറിക്കുള്ള ശ്രമത്തിൽ ജോസഫ് മൂർസിന് ക്യാച്ച് സമ്മാനിച്ചാണ് വൈഭവ് പുറത്തായത്.
അതേസമയം വിഹാൻ മൽഹോത്ര 34 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഇടയ്ക്ക് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും ഏഴാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കനിഷ്ക് ചൗഹാൻ – ആർ.എസ്. അംബരീഷ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. നാലാം ഏകദിനം ശനിയാഴ്ച വോഴ്സെസ്റ്ററിൽ നടക്കും.
ചൗഹാൻ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 43 റൺസോടെയും അംബരീഷ് 30 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 31 റൺസോടെയും പുറത്താകാതെ നിന്നു. 35 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത രാഹുൽ കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത അഭിഗ്യാൻ കുണ്ഡു, 23 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത ഹർവംശ് പംഗാലിയ എന്നിവരും രണ്ടക്കത്തിലെത്തി.
അതേസമയം ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത് ഒന്നുമെടുക്കാതെ പുറത്തായ മൗല്യരാജ് സിംഹ് മാത്രമായിരുന്നു. ഇംഗ്ലണ്ടിനായി അലക്സാണ്ടർ വെയ്ഡ് രണ്ടും സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ, റാൽഫി ആൽബർട്ട്, അലക്സ് ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ച്വറി നേടിയ ഓപ്പണർമാരായ ഡോകിൻസ് (61 പന്തിൽ 62), ക്യാപ്റ്റൻ തോമസ് റോ (44 പന്തില് പുറത്താകാതെ 76) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ഇസാക് മുഹമ്മദ് (43 പന്തിൽ 41), ബെൻ മയേഴ്സ് (32 പന്തിൽ 31), റാൽഫി ആൽബർട്ട് (26 പന്തിൽ 21) എന്നിവരും തിളങ്ങി. ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് 21 പന്തിൽ 16 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ എട്ട് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര, നമാൻ പുഷ്പക എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.