മുംബൈ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്കു ശേഷം ട്വന്റി20 പരമ്പരയ്ക്ക് ഇന്ത്യൻ ടീം തയാറെടുത്തുകഴിഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ താരങ്ങൾ നാഗ്പുരിലെത്തി പരിശീലനവും തുടങ്ങി. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ചയാണു പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പ് ലക്ഷ്യം വച്ച് ആദ്യ മത്സരം മുതൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യമായിരിക്കും ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതെന്നാണു പുറത്തുവരുന്ന വിവരം. ഈ സഖ്യം തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രമാകും മറ്റൊരു താരത്തെ ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിക്കുകയെന്നാണ് റിപ്പോർട്ട്.
അതേസമയം തിലക് വർമ പരുക്കേറ്റു പുറത്തായ സാഹചര്യത്തിൽ വൺഡൗണായി മറ്റൊരു താരം പ്ലേയിങ് ഇലവനിലെത്തും. അതുപോലെ തിലകിനു പകരക്കാരനായി വന്ന ശ്രേയസ് അയ്യരെ ആദ്യ മത്സരത്തിൽ പുറത്തിരുത്താനാണു സാധ്യത. ഇഷാൻ കിഷൻ വൺഡൗൺ ബാറ്ററായി ടീമിലെത്തിയേക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിലെ അംഗമായ ഇഷാൻ കിഷനെ ശ്രേയസിനും മുൻപ് പരിഗണിച്ചുനോക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
2023ലാണ് ഇഷാൻ ഇന്ത്യൻ ടീമിൽ ഒടുവിൽ കളിച്ചത്. അതുകൊണ്ടു തന്നെ ലോകകപ്പിനു മുൻപ് താരത്തിന് ആവശ്യത്തിന് ‘ഗെയിം ടൈം’ ഉറപ്പാക്കാനാണു ശ്രമം. നാലാം നമ്പരിൽ ക്യാപ്റ്റൻ സൂര്യയും മധ്യനിരയിൽ ഫിനിഷർ റിങ്കു സിങ്ങിനും സ്ഥാനം ഉറപ്പാണ്. മൂന്ന് ഓൾറൗണ്ടർമാരാകും ആദ്യ മത്സരത്തിന് ഉണ്ടാകുക. വാഷിങ്ടൻ സുന്ദർ പരുക്കേറ്റു പുറത്തായ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ പ്ലേയിങ് ഇലവനിലെത്തും.
അതുപോലെ സ്പിന്നർമാരിൽ കുൽദീപ് യാദവ് ബെഞ്ചിലും വരുൺ ചക്രവർത്തി പ്ലേയിങ് ഇലവനിലും ഇടം പിടിക്കാനാണു സാധ്യത. പേസർമാരായി സൂപ്പർ താരം ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും കളിക്കും. സഞ്ജുവും ഇഷാൻ കിഷനും ഒരേ സമയം പ്ലേയിങ് ഇലവനിലുള്ളപ്പോൾ ആരാകും വിക്കറ്റ് കീപ്പറെന്നതാണു മറ്റൊരു ചോദ്യം. അതേസമയം ടീമിലെടുത്തതിനു പിന്നാലെ വിക്കറ്റ് കീപ്പറുമാക്കി ഇഷാൻ കിഷന്റെ ജോലി ഭാരം കൂട്ടാൻ ബിസിസിഐ തയാറായേക്കില്ലായെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവിന് നറുക്കുവീഴുമെന്ന് ഉറപ്പ്.













































